ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങൾക്ക് പുതിയ മാനം തീർക്കുന്ന പദ്ധതിയാണ് ഗഗൻയാൻ. ത്രിവർണമേറ്റി ഇന്ത്യക്കാരായ ആളുകൾ ബഹിരാകാശത്തെത്തുന്നത് സ്വപ്‌നം കാണുകയാണ് രാജ്യം. ഇസ്രോയുടെ നേതൃത്വത്തിൽ ഗഗൻയാൻ പദ്ധതിയുടെ മുന്നൊരുക്കങ്ങൾ നടത്തിവരികയാണ്. ഇത് വിജയമായാൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള സാങ്കേതിക വിദ്യ സ്വന്തമായുള്ള രാജ്യമായി ഇന്ത്യ മാറും. ബഹിരാകാശ രംഗത്ത് വലിയ ചുവട് വെപ്പാണ് ഇതിലൂടെ സാധ്യമാകുന്നത്. മാത്രമല്ല ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ബഹിരാകാശ സൂപ്പർ പവറായി രാജ്യം മാറും.
അടുത്തിയ ബഹിരാകാശ യാത്രികരുടെ പേരും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.മലയാളിയായ ഗ്രൂപ്പ് കാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് കാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് കാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാന്റർ ശുബാൻഷു ശുക്ല എന്നിവരാണ് ആ നാലുപേർ. ഇതിൽ മൂന്നുപേരാണ് ഗഗൻയാൻ പേടകത്തിലേറി ബഹിരാകാശത്തേക്ക് പോകുക. ഗഗൻദൗത്യത്തിനിടെ ഒരു ജീവശാസ്ത്ര പരീക്ഷണം കൂടി നടത്താൻ ഒരുങ്ങുകയാണ് ഇസ്രോ.
ബഹിരാകാശയാത്ര പഴ ഈച്ചയുടെ വൃക്കയിൽ കല്ലുണ്ടാകുന്നതിനെ എപ്രകാരമാണ് സ്വാധീനിക്കുന്നത് എന്നറിയുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം. ഇതിനായി 20 കണ്ടെയ്നറുകളിൽ പഴ ഈച്ചയെ ഗഗൻയാനിൽ ബഹിരാകാശത്തേക്ക് വിടും. ഓരോ കണ്ടെയ്നറുകളിലും 30 മുതൽ 40 വരെ പഴ ഈച്ചകൾ ഉണ്ടാകും. ഗഗൻയാനിന്റെ മനുഷ്യരില്ലാതെയുള്ള രണ്ട് പരീക്ഷണ പറക്കലുകളിലാണ് പഴ ഈച്ചകളെ ബഹിരാകാശത്തേക്ക് അയക്കുക. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂ ട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി(ഐഐഎസ്ടി)യിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നൽകുന്നത്. ‘ഡ്രോസോഫില മെലനോഗാസ്റ്റർ’ അഥവാ പഴ ഈച്ചകളിൽ വൃക്കയിലെ കല്ല് രൂപപ്പെടുന്നതിൽ ബഹിരാകാശ യാത്ര എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നാണ് പഠനവിധേയമാക്കുന്നത്.
ദൈർഘ്യമേറിയ ബഹിരാകാശ യാത്രയിൽ വൃക്കകൾക്ക് അപകടസാധ്യത ഏറെയാണ്. അതിനാൽ മനുഷ്യന്റെ വൃക്കകൾക്ക് സമാനമായ പഴ ഈച്ചയുടെ അവയവങ്ങളിലെ തന്മാത്രാ മാറ്റങ്ങളെക്കുറിച്ചാണ് പഠിക്കുന്നതെന്ന് ഐഐഎസ്ടിയിലെ കെമിസ്ട്രി പ്രൊഫസറും പരീക്ഷണത്തിന് നേതൃത്വം നൽകുന്ന ഗവേഷകയുമായ കുമാരൻ ശ്രീജാലക്ഷ്മി വ്യക്തമാക്കി.
ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി പഴഈച്ചകളിലെ വൃക്കയിൽ കല്ലുകൾ രൂപപ്പെടുത്തുകയാണ് ചെയ്യുക. യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ ഇവയുടെ വൃക്കകൾ പഠനവിധേയമാക്കും. പഴ ഈച്ചകളിലെ വിഷാംശമുള്ള വസ്തുക്കളെ അരിച്ചെടുക്കുന്ന അവയവമായ മാൽപിഗിയൻ ട്യൂബുകളുടെ ഘടനയും മറ്റും ഗവേഷകർ പഠനവിധേയമാക്കും.
Discussion about this post