ന്യൂഡൽഹി: വായ്പകൾ അതിവേഗം ലഭ്യമാകാൻ പോർട്ടൽ ആരംഭിക്കാൻ ഒരുങ്ങി റിസർവ്വ് ബാങ്ക്. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ് (യു.പി.ഐ) മാതൃകയിൽ യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫെയ്സ് ( യുഎൽഐ) ആരംഭിക്കാനാണ് തീരുമാനം. ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ വലയിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുക കൂടി ലക്ഷ്യമിട്ടാണ് ആർബിഐയുടെ പുതിയ തീരുമാനം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ക്രെഡിറ്റ് വിശകലന ഏജൻസികൾ എന്നിവർ നൽകുന്ന വിവരങ്ങൾ വിലയിരുത്തി വായ്പ അനുവദിക്കുന്നതാണ് യുഎൽഐ. ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് സംസ്ഥാനങ്ങളിൽ നടത്തിയിരുന്നു. ഇത് വിജയകരമായതോടെയാണ് രാജ്യവ്യാപകമായി അവതരിപ്പിക്കാൻ തീരുമാനിച്ചത്.
വായ്പ ആവശ്യമുള്ളവർ സാമ്പത്തിക വിവരങ്ങൾ ധനകാര്യസ്ഥാപനങ്ങളെ അറിയിക്കണം. ഡിജിറ്റലായി ലഭിക്കുന്ന ഈ വിവരങ്ങൾ റിസർവ്വ് ബാങ്ക് വിലയിരുത്തും. ഇതിന് ശേഷമാണ് വായ്പ അനുവദിക്കുക. വിവരങ്ങൾ കൃത്യമാണെങ്കിൽ മിനിറ്റുകൾക്കുള്ളിൽ തന്നെ പണം നിങ്ങളുടെ അക്കൗണ്ടുകളിൽ എത്തും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ റിസർവ്വ് ബാങ്ക് വരും ദിവസങ്ങളിൽ പുറത്തുവിടും.
Discussion about this post