ഇന്ന് നമ്മുടെ സമൂഹം അനുഭവിക്കുന്ന ഏറ്റവും വേദനാജനകമായ രോഗങ്ങളിൽ ഒന്നായ, ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന പദങ്ങളിൽ ഒന്നാണല്ലോ കാൻസർ.ഗ്രീക് ഭാഷയിൽ ‘ഞണ്ട് ‘ എന്ന അർത്ഥം വരുന്ന ‘കാർസിനോമ’ (Carcinoma – karkinos, or ‘crab’, and -oma, ‘growth’) എന്ന പദത്തിൽ നിന്നുമാണ് കാൻസർ എന്ന പദം ഉത്ഭവിച്ചത്.
നമ്മുടെ ശരീരത്തിലെ ഓരോ അവയവവും അനേകം കോശങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ. ഈ കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവുമായ വിഭജനമാണ് അർബുദം അഥവാ കാൻസർ എന്ന് നമുക്ക് ഏറ്റവും ലളിതമായി പറയാം.
നമ്മുടെ ലോകത്ത് ഒട്ടറെ മനുഷ്യർ കാൻസറിനെ അതിജീവിക്കാനുള്ള പോരാട്ടത്തിലാണ്. ഇതിനിടെഅർബുദം ബാധിച്ച ഒരു യുവതി തന്റെ അവശേഷിക്കുന്ന ജീവിതകാലം മിനിറ്റുകൾ ആക്കിത്തിരിച്ചു ലേലം ചെയ്യുന്ന വാർത്ത ചർച്ചയാവുകയാണ്. സമയത്തിന്റെ മൂല്യം ആളുകളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണത്രേ ഇവർ ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്യുന്നത്.ഓസ്‌ട്രേലിയയിലെ മെൽബണിൽ നിന്നുള്ള എമിലി ലാഹേ എന്ന 31 -കാരിയാണ് ചഡഠ കാർസിനോമ എന്ന അപൂർവ തരം ക്യാൻസർ പിടിപെട്ട് ചികിത്സയിൽ കഴിയുന്നത്.
അവശേഷിക്കുന്നത് എത്ര നാളാണെന്ന് വ്യക്തമായ ധാരണ ഇല്ലെങ്കിലും ആ സമയം പൂർണമായും ക്യാൻസർ ഗവേഷണത്തെക്കുറിച്ചും സമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആളുകളെ ബോധ്യപ്പെടുത്താനായി ഉപയോഗിക്കാനാണ് ഇവരുടെ തീരുമാനം.
സാധാരണയായി ഈ അവസ്ഥയിലുള്ള ഒരു വ്യക്തി ആറു മുതൽ 9 മാസം വരെ മാത്രമേ ജീവിക്കുകയുള്ളൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ, തന്റെ ജീവിതത്തിലെ അവശേഷിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ് എമിലി.’ടൈം ടു ലിവ്’ എന്ന് പേരിട്ടിരിക്കുന്ന ഒരു തത്സമയ കലാസൃഷ്ടിയുടെ ഭാഗമായി എമിലി തന്റെ സമയത്തിന്റെ ഭാഗങ്ങൾ അപരിചിതർക്ക് ലേലം ചെയ്തു നൽകുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആ പ്രത്യേക സമയങ്ങളിൽ അവർ തിരഞ്ഞെടുക്കപ്പെടുന്ന അപരിചിതരുമായി ഒരുമിച്ച് സമയം ചെലവഴിക്കുന്നു.
Discussion about this post