എറണാകുളം : ഇനി കൊച്ചി വിമാനത്താവളത്തിൽ എത്തുന്നവർക്ക് ഒരിക്കലും മുഷിഞ്ഞ് കാത്തിരിക്കേണ്ടി വരില്ല. സുഖകരമായ വിശ്രമത്തിനായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയ്റോ ലോഞ്ച് ആണ് കൊച്ചി വിമാനത്താവളത്തിൽ ഒരുങ്ങുന്നത്. കുറഞ്ഞ ചെലവില്‍ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവമായിരിക്കും ഇനി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാർക്ക് ലഭ്യമാവുക.
0484 എയ്റോ ലോഞ്ച് കൊച്ചി വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിലാണ് പ്രവർത്തിക്കുക. 41 ഗസ്റ്റ് റൂമുകൾ, ബോർഡ് റൂമുകൾ, പ്രത്യേക കഫേ ലോഞ്ച്, കോൺഫ്രൻസ് ഹാളുകൾ, ജിം, ലൈബ്രറി, സ്പാ, കോ-വർക്കിംഗ് സ്പേസ് എന്നിങ്ങനെയുള്ള നിരവധി സൗകര്യങ്ങളാണ് ഈ പുതിയ എയ്റോ ലോഞ്ചിൽ ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്കും സന്ദർശകർക്കും ഒരുപോലെ പ്രവേശനം അനുവദനീയമായിരിക്കും എന്നുള്ളതാണ് 0484 എയ്റോ ലോഞ്ചിന്റെ മറ്റൊരു സവിശേഷത.
മിതമായ രീതിയിൽ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് ലോഞ്ച് അനുഭവമാണ് 0484 എയ്റോ ലോഞ്ചിൽ ലഭ്യമാകുക. സെക്യൂരിറ്റി ഹോൾഡിങ് ഏരിയയ്ക്ക് പുറത്തായി ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപമാണ് ഈ പുതിയ ലോഞ്ച് ഒരുക്കിയിരിക്കുന്നത്. ബിസിനസ് ജെറ്റുകൾക്കായി ഒരുക്കിയിട്ടുള്ള രണ്ടാം ടെർമിനലിൽ ആണ് ലോഞ്ച് ഉള്ളത്. 2022ൽ ആഡംബര ബിസിനസ് ജെറ്റ് ടെർമിനൽ കമ്മീഷൻ ചെയ്തതിനുശേഷം രണ്ടായിരത്തിലധികം സ്വകാര്യ ജെറ്റ് സർവീസുകൾ ആണ് ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.
Discussion about this post