തിരുവനന്തപുരം : ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തുനിന്നും വിഎസ് ചന്ദ്രശേഖരൻ രാജിവച്ചു. ലൈംഗികമായി ചൂഷണം ചെയ്തെന്ന് നടി പരാതിപ്പെട്ടതിനെ തുടർന്നാണ് ചന്ദ്രശേഖരന്റെ രാജി. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് രാജിക്കത്ത് കൈമാറിയത്. നടിയുടെ പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചതോടെയാണ് വിഎസ് ചന്ദ്രശേഖരൻ രാജി വച്ചിരിക്കുന്നത്.
ലൊക്കേഷൻ കാണിക്കാം എന്ന വ്യാജേന തന്നെ നിർമ്മാതാവിന്റെ മുറിയിലേക്ക് എത്തിച്ചെന്ന ഗുരുതര പരാതിയാണ് വി എസ് ചന്ദ്രശേഖരനെതിരെ നടി ഉയർത്തിയിട്ടുള്ളത്. നടി പരാതി ഉയർത്തിയതിന് പിന്നാലെ തന്നെ ലോയേഴ്സ് അസോസിയേഷൻ നേതാവിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സഹപ്രവർത്തകർ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ലോയേഴ്‌സ് കോൺഗ്രസിന്റെ ഹൈക്കോടതി വനിതാ വിഭാഗവും ചന്ദ്രശേഖരനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കണമെന്ന് കാണിച്ച് പാർട്ടി നേതൃത്വത്തിന് കത്തു നൽകിയിരുന്നു.
നിരവധി പ്രമോദമായ കേസുകളിൽ കോൺഗ്രസ് നേതൃത്വത്തിനുവേണ്ടി ഹാജരായിട്ടുള്ള അഭിഭാഷകനായിരുന്നു വിഎസ് ചന്ദ്രശേഖരൻ. മോൺസൺ മാവുങ്കൽ കേസ്, ഇ പി വധശ്രമ കേസ്, എംവി ഗോവിന്ദനെതിരായ മാനനഷ്ട കേസ് എന്നിവയിൽ എല്ലാം കെ സുധാകരന് വേണ്ടി കോടതിയിൽ ഹാജരായിരുന്നത് ചന്ദ്രശേഖരൻ ആയിരുന്നു. ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചന്ദ്രശേഖരനെ കൊണ്ടുവന്നതും കെ സുധാകരനായിരുന്നു.









Discussion about this post