മുംബൈ: റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്‌നിയും ഒന്നിക്കുന്നു. ഇരു കമ്പനികളുടെയും ആസ്തികൾ ലയിപ്പിക്കാൻ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അംഗീകാരം നൽകി. ഇന്ത്യയിൽ വലിയ മാദ്ധ്യമ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണ് ഇത്.
കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, ഡിജിറ്റൽ 18 മീഡിയ ലിമിറ്റഡ്, സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റാർ ടെലിവിഷൻ പ്രൊഡക്ഷൻ ലിമിറ്റഡ് എന്നിവയാണ് കോമ്പിനേഷനിൽ ഉൾപ്പെടുന്നത്. 70,350 കോടിയുടെ ഡീലിനാണ് അനുമതി ആയത്.
ആറ് മാസം മുൻപായിരുന്നു ലയനത്തിനായുള്ള നിർദ്ദേശം റിലയൻസും വാൾട്ട് ഡിസ്‌നിയും സിസിഐയ്ക്ക് മുൻപിൽ വച്ചത്. ഇതിൽ ചില പരിഷ്‌കാരങ്ങൾ വരുത്താൻ സിസിഐ നിർദ്ദേശിക്കുകയായിരുന്നു. ഇത് പ്രകാരമുള്ള മാറ്റങ്ങൾ വരുത്തിയ ശേഷം ആണ് സിസിഐ അനുമതി നൽകിയത്. ഈ മാറ്റങ്ങൾ എന്തെല്ലാമാണെന്ന് സിസിഐ വെളിപ്പെടുത്തിയിട്ടില്ല.
രണ്ട് സ്ട്രീമിംഗ് സേവനങ്ങളും 120 ടെലിവിഷൻ ചാനലുകളും ഉൾക്കൊള്ളുന്നതാണ് പുതിയ സംയുക്ത സ്ഥാപനം. ഇതിൽ റിലയൻസും അനുബന്ധ സ്ഥാപനങ്ങളും 63.16 ശതമാനം ഓഹരികൾ കൈവശം വയ്ക്കും. ബാക്കി 36.86 ശതമാനം ഓഹരികളുടെ അവകാശം ഡിസ്‌നിയ്ക്കാണ്.
Discussion about this post