തിരുവനന്തപുരം: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെതിരെ നിർണായക തെളിവുകൾ. ബലാത്സംഗം നടന്നതായി നടി ആരോപിക്കുന്ന ഹോട്ടലിൽ സിദ്ദിഖും നടിയും ഉണ്ടായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതോടെ സിദ്ദിഖിന് കുരുക്ക് മുറുകിയിരിക്കുകയാണ്.
സിനിമാ ചർച്ചയ്ക്ക് എന്ന പേരിൽ മസ്‌ക്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ അന്വേഷണ സംഘം ഹോട്ടലിൽ എത്തി രജിസ്റ്ററും മറ്റ് രേഖകളും പരിശോധിച്ചിരുന്നു. ഇതിലാണ് ഹോട്ടലിൽ ഇരുവുരം ഒന്നിച്ച് ഉണ്ടായിരുന്നതായി വ്യക്തമായത്. സിദ്ദിഖിന്റെയും നടിയുടെയും പേരുകൾ രജിസ്റ്ററിൽ ഉണ്ടായിരുന്നു.
രജിസ്റ്ററിൽ അന്ന് സിദ്ദിഖിനൊപ്പം ഉണ്ടായിരുന്നവരുടെ വിവരങ്ങൾ ഉണ്ട്. ഒന്നാം നിലയിൽ ആയിരുന്നു സിദ്ദിഖിന്റെ മുറി. റിസപ്ഷനിൽ സിദ്ദിഖിന്റെ മുറിയിലേക്ക് പോകുന്നതായി വ്യക്തമാക്കി ഒപ്പ് വച്ച ശേഷം ആയിരുന്നു നടി പോയത്.
കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ആയിരുന്നു പ്രത്യേക അന്വേഷണ സംഘം ഹോട്ടലിൽ എത്തിയത്. 2016 ലായിരുന്നു താൻ പീഡനത്തിന് ഇരയായത് എന്നാണ് നടിയുടെ പരാതി. അന്നേ ദിവസം സിനിമയുടെ പ്രിവ്യൂ കാണാൻ സിദ്ദിഖ് ക്ഷണിച്ചിരുന്നു. സിനിമയ്ക്ക് ശേഷം ചർച്ചയ്ക്ക് വേണ്ടിയാണ് മസ്‌ക്കറ്റ് ഹോട്ടലിൽ എത്തിയത്. ഇവിടെവച്ചായിരുന്നു പീഡനം. അതിക്രൂരമായി സിദ്ദിഖ് മർദ്ദിച്ചുവെന്നും പരാതിയിൽ ഉണ്ട്.
Discussion about this post