ന്യൂഡൽഹി : പാസ്പോർട്ട് അപേക്ഷകൾക്കായുള്ള ഓൺലൈൻ പ്ലാറ്റ്ഫോം ആയ പാസ്പോർട്ട് സേവാ പോർട്ടൽ അടുത്ത നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ല. ഓഗസ്റ്റ് 29 രാത്രി 8 മണി മുതൽ സെപ്റ്റംബർ രണ്ടിന് വൈകിട്ട് ആറുമണിവരെ ആയിരിക്കും പോർട്ടൽ പ്രവർത്തനരഹിതമാവുക. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്.
പോർട്ടലിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് നാലുദിവസത്തേക്ക് സൈറ്റ് അടഞ്ഞു കിടക്കുന്നത്. ഈ ദിവസങ്ങളിൽ പുതിയ അപ്പോയിന്റ്മെന്റുകൾ ഒന്നും ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നതല്ല എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ബുക്ക് ചെയ്തിട്ടുള്ള അപ്പോയിന്റ്മെന്റുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യാൻ കഴിയും എന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
2024 ഓഗസ്റ്റ് 30നുള്ളിലായി ബുക്ക് ചെയ്തിട്ടുള്ള ഉപഭോക്താക്കളുടെ അപേക്ഷകൾ പുനക്രമീകരിക്കുകയും അപേക്ഷകരെ ഇക്കാര്യം അറിയിക്കുകയും ചെയ്യും. പുതുതായി നൽകുന്ന ദിവസം അപേക്ഷകർ നേരിട്ട് ഓഫീസിൽ ഹാജരാകേണ്ടതുണ്ട് എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Discussion about this post