തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വിവി രാജേഷിനെ അഭിനന്ദിച്ച് തുറന്ന കത്തുമായി കേരള ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് നായര്‍. എന്നാൽ വിവി രാജേഷിന്‍റെ മാദ്ധ്യമ ഇടപെടലുകൾ കണ്ട് മുമ്പ് പ്രശംസിച്ചപ്പോഴും ഇപ്പോൾ പ്രശംസിക്കാൻ ഒരുങ്ങുമ്പോഴും ഉള്ളിൽ ആശങ്കയുണ്ടെന്നും, നാളെ ഈ പ്രശംസ ഒരുപക്ഷേ വിമർശനത്തിന് വഴി മാറിയേക്കാമെന്നും പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്.
‘വിമര്‍ശനം സംഭവിക്കാതിരിക്കട്ടെ എന്ന് ആശിക്കുക മാത്രം ചെയ്യുന്നു. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കെഎസ്ആര്‍ടിസിയ്ക്ക് നൽകിയ 113 ബസ്സുകളുടെ കാര്യം താങ്കൾ തുടക്കത്തിലേ ജനങ്ങളോട് വ്യക്തമാക്കിയതാണ്. ബഹുമാനപ്പെട്ട കെഎസ്ആര്‍ടിസി മന്ത്രിയോട് സംസാരിക്കുന്നതിനോ അദ്ദേഹത്തെ രേഖാമൂലം അറിയിക്കുന്നതിനോ മുമ്പ് ആ ബസ്സുകളെക്കുറിച്ചുള്ള സത്യാവസ്ഥ സമൂഹത്തെ അറിയിക്കാനും അതേപ്പറ്റിയുള്ള അഭിപ്രായം പറയാനുമുള്ള അവകാശം താങ്കൾക്കുണ്ട്.
അതിൽ യാതൊരു തെറ്റുമില്ല, കാരണം താങ്കൾ ഒരു നഗരത്തിൻറെ മേയറാണ് എന്നതുതന്നെ. കെഎസ്ആര്‍ടിസി മന്ത്രിയുടെ അഭിപ്രായപ്രകടനത്തിനു മറുപടിയായി നടത്തിയ പത്രസമ്മേളനത്തിൽ താങ്കൾ വിഷയം നന്നായി പഠിച്ചാണ് എത്തിയത് എന്നതാണ് ശ്രദ്ധേയം. ഇത്തരം പത്രസമ്മേളനങ്ങളിൽ കാര്യങ്ങൾ പഠിക്കാതെ എത്തുന്ന പുതുമുഖങ്ങൾക്ക് താങ്കൾ ഒരു മാതൃകയായി. രണ്ടു കാര്യങ്ങൾ താങ്കൾ ചെയ്തു.
ഒന്ന് അതേ സംബന്ധിച്ച ട്രൈ പാർട്ടി എഗ്രിമെൻറ് പകർപ്പ് താങ്കൾ പത്രസമ്മേളനത്തിൽ കൊണ്ടുവന്ന് അതിലെ വ്യവസ്ഥകൾ ചൂണ്ടിക്കാണിച്ചാണ് സംസാരിച്ചത്.അതിലെ വ്യവസ്ഥാ ലംഘനമാണ് താങ്കൾ ചൂണ്ടിക്കാട്ടിയത്. അതിന് ഉപോദ്ബലകമായി മുൻ മേയറുടെ എഫ്ബി പോസ്റ്റും താങ്കൾ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി. കരാർ പ്രകാരം പീക് ടൈമിൽ 113 ബസുകളും നഗരപരിധിയിൽ ഓടണം. അതിന് ശേഷം മറ്റുള്ള സ്ഥലങ്ങളിലോടാം. അത് ലംഘിച്ചിരിക്കുന്നു. കോർപ്പറേഷനുമായി കൂടിയാലോചിച്ച് വേണം റൂട്ടുകൾ നിശ്ചയിക്കാൻ എന്നതും ലംഘിക്കപ്പെട്ടിരിക്കുന്നു എന്നാണ് കരാർ ചൂണ്ടിക്കാട്ടി താങ്കൾ പറഞ്ഞത്.
ബസ്സുകൾ തിരിച്ചു ചോദിക്കുകയല്ല മറിച്ച് കരാർ വ്യവസ്ഥകൾ പാലിക്കണം എന്ന് ആവശ്യപ്പെടുകയാണ് ചെയ്യുന്നത് എന്ന് താങ്കൾ വ്യക്തമാക്കുകയും ചെയ്തു. ഏറ്റവും പ്രധാനം ബസ്സിന്റെ റൂട്ട് മാത്രമല്ല, പ്രോഫിറ്റ് / റവന്യു ഷെയറിന്റെ കാര്യം കൂടിയാണ്. ആയിനത്തിൽ യാതൊന്നും ഇതുവരെ കോർപ്പറേഷന് ലഭിച്ചില്ല എന്ന് താങ്കൾ ചൂണ്ടിക്കാട്ടുകയും ചെയ്തു.
സമാന ഫണ്ടിംഗ് ഭാവിയിൽ ലഭിച്ചാൽ ഈ അവസ്ഥയുടെ പശ്ചാത്തലത്തിൽ എന്തുചെയ്യണമെന്ന് നിയമവിദഗ്ദ്ധരുമായി ആലോചിക്കുമെന്നും താങ്കൾ പറഞ്ഞു. ഈ ബസ്സുകൾ ഇടാൻ കോർപ്പറേഷന് സഥലം ഉണ്ടെന്നും വ്യക്തമാക്കി. സംസ്ഥാന സർക്കാരിനോടോ കെഎസ്ആര്‍ടിസിയോടോരാഷ്ട്രീയ യുദ്ധം പ്രഖ്യാപിച്ചില്ല എന്നതിനാലാണ് ഇത്തവണ താങ്കൾ പ്രശംസ അർഹിക്കുന്നത്.
മാത്രമല്ല ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെ ഭരണപരിചയവും രാഷ്ട്രീയ പരിചയവും ഒക്കെ താങ്കൾ ഉയർത്തിക്കാട്ടുകയും ചെയ്തു. അതാണ് രാഷ്ട്രീയത്തിൽ പാലിക്കേണ്ട സുജന മര്യാദ !. പ്രത്യേകിച്ചും ഇത്തരം സ്ഥാനങ്ങളിൽ എത്തുമ്പോൾ !. അവിടെ വെല്ലുവിളി അല്ല വേണ്ടത്.
ഒന്ന് രണ്ട് മാധ്യമ കുത്തിത്തിരിപ്പ് ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയപ്പോൾ പിന്നീടൊന്നും ചോദിക്കേണ്ടി വന്നില്ല അവർക്കും !
എൻറെ അഭിപ്രായത്തിൽ, സിറ്റി സർവ്വീസ് എന്നതുതന്നെ തിരുവനന്തപുരം, കൊച്ചി ,കോഴിക്കോട് കോർപ്പറേഷൻ നഗരപരിധികൾക്കുള്ളിൽ അതാത് കോർപ്പറേഷൻ തന്നെ നടത്തേണ്ടതാണ് എന്നാണ്. പക്ഷേ അതിനെക്കുറിച്ച് വ്യക്തമായ പഠനം തന്നെ വേണ്ടിവരും. പ്രത്യേകിച്ചും സാമ്പത്തിക വിഷയത്തിലും കോർപ്പറേഷന് അതിന്റെ ഓപ്പറേഷന് വേണ്ടിവരുന്ന സംവിധാനത്തിലും ‘ആ ദിശയിൽ ഒരു ചർച്ച നടക്കാൻ കൂടി
ഈ വിഷയം കാരണമാകട്ടെ എന്ന് ആശിക്കുന്നു. മറ്റൊരു കാര്യം കൂടി. ഇതുപോലെ പാലിക്കപ്പെടാത്ത ധാരാളം കരാറുകൾ കോർപ്പറേഷനിലെ മേശപ്പുറങ്ങളിൽ ദീർഘകാല ആലസ്യത്തിലാവും ! എല്ലാത്തിനെയും ഒന്ന് ഉണർത്തി എടുത്താൽ പല കരാർ ലംഘനങ്ങളും വ്യക്തമാകും.
മേയർ പോലൊരു പദവിയിൽ എത്തുമ്പോൾ വ്യക്തി കെട്ടിലും മട്ടിലും മാറണമെന്നും ഞാൻ എഴുതിയിരുന്നു. അക്കാര്യത്തിലും സന്തോഷമുണ്ട്.
ഇത് മേയർ ഭക്തിയോ രാജേഷ് ഭക്തിയോ ഒന്നുമല്ല. അനഭിലഷണീയമായത് സംഭവിച്ചാൽ വിമർശിക്കുകയും ചെയ്യും.
കാര്യങ്ങൾ നേർവഴിക്ക് ചലിക്കട്ടെ. നഗരഭരണയന്ത്രം ഞങ്ങൾ നഗരവാസികളുടെ അഭിവൃദ്ധിക്കായി ചലിക്കുക തന്നെ വേണം.നഗരത്തിനുള്ളത് നഗരത്തിന്, സംസ്ഥാനത്തിനുള്ളത് സംസ്ഥാനത്തിന്.
നിറയട്ടെ പോസിറ്റിവിറ്റി പുതുവർഷത്തിലും എന്ന് ആശംസിച്ചുകൊണ്ടാണ് കത്ത് അവസനിക്കുന്നത്.













Discussion about this post