ദിസ്പുർ : അസം നിയമസഭയിൽ വെള്ളിയാഴ്ച ദിവസങ്ങളിലെ ജുമുഅ നമസ്കാരത്തിനായി നൽകി വന്നിരുന്ന ഇടവേള ഒഴിവാക്കി സർക്കാർ തീരുമാനം. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആണ് നമാസ് ഇടവേള ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്പീക്കറും എംഎൽഎമാരും പിന്തുണച്ചതിനെ തുടർന്നാണ് അസം സർക്കാർ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ചകളിൽ രണ്ടു മണിക്കൂർ സമയമായിരുന്നു ജുമുഅ ഇടവേളയായി അസം സർക്കാർ നൽകിവന്നിരുന്നത്. കൊളോണിയൽ കാലഘട്ടത്തിൽ നടപ്പിലാക്കിയിരുന്നതാണ് നിയമസഭയിലെ വെള്ളിയാഴ്ച നമസ്കാരത്തിനുള്ള ഇടവേള. കൊളോണിയൽ ഭരണത്തിന്റെ അവശിഷ്ടത്തെ ഒഴിവാക്കാനുള്ള “ചരിത്രപരമായ തീരുമാനത്തെ” പിന്തുണച്ചതിന് നിയമസഭാ സ്പീക്കർ ബിശ്വജിത് ഡൈമാരിയോടും നിയമസഭാംഗങ്ങളോടും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നന്ദി അറിയിച്ചു.
2 മണിക്കൂർ ജുമുഅ ഇടവേള ഒഴിവാക്കിയതിലൂടെ അസം സർക്കാർ ഉൽപ്പാദനക്ഷമതയ്ക്ക് മുൻഗണന നൽകുകയും കൊളോണിയൽ ഭരണത്തിന്റെ മറ്റൊരു അവശിഷ്ടം ഒഴിവാക്കുകയും ചെയ്തു എന്ന് ഹിമന്ത ബിശ്വ ശർമ്മ തന്റെ എക്സ് കുറിപ്പിൽ അറിയിച്ചു. 1937-ൽ മുസ്ലീം ലീഗിൻ്റെ സയ്യിദ് സാദുള്ളയാണ് ഈ സമ്പ്രദായം കൊണ്ടുവന്നത്. വെള്ളിയാഴ്ചകളിൽ 12 മണി മുതൽ 2 മണി വരെയായിരുന്നു ഇടവേള നൽകി വന്നിരുന്നത്. ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു നിയമസഭ മതപരമായ പരിഗണനകളില്ലാതെയാണ് പ്രവർത്തിക്കേണ്ടതെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post