എറണാകുളം : കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസർക്കാർ അനുമതി ലഭിച്ചു. പദ്ധതിക്ക് ആവശ്യമായ പ്രാരംഭ നടപടികൾ പൂർത്തിയായതിനെത്തുടർന്നാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിട്ടുള്ളത്. പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതിന് പിന്നാലെയാണ് കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കും അനുമതി നൽകിയിരിക്കുന്നത്.
പദ്ധതി പ്രദേശത്ത് വൈദ്യുതി, വെള്ളം, റോഡ് എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി പ്രത്യേക പദ്ധതികൾ ഉടൻ തയ്യാറാക്കുമെന്ന് കേരളം അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും ഇത് തയ്യാറാക്കുക. പദ്ധതി പ്രദേശത്തിന് പ്രത്യേക വ്യവസായ ടൗൺഷിപ്പ് പദവി നൽകുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത മന്ത്രി തല സമിതിയും പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നതായിരിക്കും. കേരളത്തിന് ചേരുന്ന തരത്തിലുള്ള പാരിസ്ഥിതിക സൗഹൃദ വ്യവസായങ്ങൾക്കായിരിക്കും മുൻഗണന നൽകുകയെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.
Discussion about this post