ലഖ്‌നൗ : മറ്റൊരു മുറിയിൽ കിടക്കാൻ ഭർത്താവിനെ നിർബന്ധിച്ച ഭാര്യയുടെ നടപടി ക്രൂരമെന്ന് അലഹബാദ് ഹൈക്കോടതി. ഒരുമിച്ച് കിടക്കാൻ വിസമ്മതിക്കുന്നത് ക്രൂരതയാണ്. ഇതിലൂടെ ഭർത്താവിന്റെ ദാമ്പത്യ അവകാശങ്ങൾ ഭാര്യ നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും അലഹബാദ് ഹൈക്കോടതി വിലയിരുത്തി.
ജസ്റ്റിസുമാരായ രഞ്ജൻ റോയ്, സുഭാഷ് വിദ്യാർത്ഥി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് ഈ വിലയിരുത്തൽ നടത്തിയത്. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസിൽ ആയിരുന്നു കോടതിയുടെ പരാമർശം. ഭാര്യ മറ്റൊരു മുറിയിൽ കിടക്കാൻ നിർബന്ധിക്കുന്നു എന്നായിരുന്നു ഭർത്താവ് കേസിൽ വാദിച്ചിരുന്നത്. ഒപ്പം കിടന്നാൽ താൻ ജീവനൊടുക്കും എന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായും യുവാവ് കോടതിയെ അറിയിച്ചു.
ഒരുമിച്ച് കിടക്കുക എന്നത് ദാമ്പത്യത്തിൽ ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ഇതിന് വിസമ്മതിക്കുന്നതിലൂടെ ഭർത്താവിന്റെ ദാമ്പത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ ഉണ്ടാക്കുമെന്നും കോടതി അറിയിച്ചു. ഭർത്താവിന്റെ വാദം അംഗീകരിച്ച കോടതി കേസിൽ വിവാഹമോചനം അനുവദിച്ചു.
Discussion about this post