എറണാകുളം: ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘത്തോട് സഹകരിക്കാതെ നടനും എംഎൽഎയുമായ മുകേഷ്. കൊച്ചി മരടിലെ വില്ലയുടെ താക്കോൽ അദ്ദേഹം അന്വേഷണ സംഘത്തിന് കൈമാറിയില്ല. ഇതേ തുടർന്ന് പരിശോധന നടത്താൻ കഴിയാതെ അന്വേഷണ സംഘം തിരികെ മടങ്ങി.
ഇന്നലെ വൈകീട്ടോടെ ആയിരുന്നു അന്വേഷണ സംഘം മുകേഷിന്റെ വില്ലയിൽ എത്തിയത്. സാധാരണയായി രണ്ട് താക്കോലുകളിൽ ഒന്ന് സുരക്ഷാ ജീവനക്കാരന്റെ പക്കൽ ഏൽപ്പിക്കുകയാണ് പതിവ്. എന്നാൽ പോലീസ് ആവശ്യപ്പെട്ടപ്പോൾ താക്കോൽ ഇല്ലെന്ന് പോലീസിനെ ഇയാൾ അറിയിക്കുകയായിരുന്നു. ഇതോടെ പരിശോധന പ്രതിസന്ധിയിൽ ആയി.
വില്ലയിൽവച്ചും ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട് എന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കായി അന്വേഷണ സംഘം ഇവിടെ എത്തിയത്. താക്കോൽ ഇല്ലാത്തതിനെ തുടർന്ന് അന്വേഷണ സംഘം മുകേഷുമായി വീണ്ടും ബന്ധപ്പെട്ടിട്ടുണ്ട്.
Discussion about this post