തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിന് ബലാത്സംഗ കേസിൽ ജാമ്യം നൽകരുതെന് പോലീസ്. മുകേഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് പോലീസ് കോടതിയിൽ സത്യവാങ്മൂലം നൽകും. കേസിനോട് മുകേഷ് കാണിക്കുന്ന നിസ്സഹകരണവും സത്യവാങ്മൂലത്തിൽ പോലീസ് പരാമർശിക്കും.
ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ ആണ് മുകേഷ് സമീപിച്ചിരിക്കുന്നത്. നടിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തതിന് തൊട്ട് പിന്നാലെ ആയിരുന്നു എംഎൽഎയുടെ നീക്കം. എന്നാൽ മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പോലീസിന്റെ നിരീക്ഷണം.
ബലാത്സംഗ കുറ്റമാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണ്. അദ്ദേഹത്തിന് മുൻകൂർ ജാമ്യം നൽകിയാൽ അത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിയ്ക്കും. സ്വാധീനമുള്ള വ്യക്തി ആയതിനാൽ തെളിവ് നശിപ്പിക്കാനും, പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയോ അല്ലാതെയോ സ്വാധീനിക്കാനും സാദ്ധ്യതയുണ്ട്. ഇതോടെ കേസ് അട്ടിമറിക്കപ്പെടും. അതിനാൽ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും പോലീസ് കോടതിയിൽ ആവശ്യപ്പെടും. മോശം പെരുമാറ്റം പരാതിയിൽ അഡ്വ ചന്ദ്രശേഖരനും ജാമ്യം നൽകരുതെന്ന് സത്യവാങ്മൂലം നൽകാനുള്ള നിലപാടിലാണ് പോലീസ്.
Discussion about this post