തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്താൻ തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന അസ്ന ചുഴലിക്കാറ്റ് നാളെ രാവിലെയോടെ തീവ്ര ന്യൂനമർദ്ദമായി ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. അസ്ന ഇന്ത്യൻ തീരത്തു നിന്നും അകന്നു പോകുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ നാളെ കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് 10 ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഒഡിഷയ്ക്കും തെക്കൻ ചത്തീസ്ഗഡിനും മുകളിൽ സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഇതിന്റെ സ്വാധീന ഫലമായി അടുത്ത ഏഴു ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള-കര്‍ണാടക തീരങ്ങളില്‍ അടുത്ത ദിവസങ്ങളിലും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേ സമയം സെപ്തംബര്‍ മാസത്തില്‍ കേരളത്തില്‍ പതിവിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
Discussion about this post