ചെന്നൈ : തമിഴ് നടൻ വിശാലിനെതിരെ പരിഹാസവുമായി നടി ശ്രീ റെഡ്ഡി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിശാൽ മാദ്ധ്യമങ്ങൾക്ക് മുൻപിൽ നടത്തിയ പ്രതികരണത്തിനോടാണ് ശ്രീ റെഡ്ഡി പരിഹാസത്തോടെ പ്രതികരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വഞ്ചകനാണ് വിശാൽ എന്നും നടി കുറ്റപ്പെടുത്തി. നേരത്തെ നടൻ വിശാലിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചിട്ടുള്ള നടി കൂടിയാണ് ശ്രീ റെഡ്ഡി.
സിനിമ മേഖലയിൽ ആരെങ്കിലും മോശമായി പെരുമാറുകയാണെങ്കിൽ ചെരുപ്പ് കൊണ്ട് അടിക്കണം എന്നായിരുന്നു വിശാലിന്റെ പ്രതികരണം. ഹേമ കമ്മിറ്റി അന്വേഷണം മാതൃകയിൽ തമിഴിലും ഒരു സമിതി രൂപീകരിക്കുമെന്ന് നടികർ സംഘടന ജനറൽ സെക്രട്ടറി കൂടിയായ വിശാൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മാദ്ധ്യമങ്ങൾക്ക് മുൻപിൽ വിശാൽ കാണിക്കുന്നത് വെറും ഷോ ഓഫ് ആണെന്നും അല്പം എങ്കിലും മര്യാദ കാണിക്കണം എന്നുമാണ് ശ്രീ റെഡ്ഡി കുറ്റപ്പെടുത്തിയത്.
വിശാൽ മാദ്ധ്യമങ്ങൾക്ക് മുൻപിൽ സംസാരിക്കുമ്പോൾ നാക്ക് സൂക്ഷിക്കണം. എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ചു പോയത് എന്തിനാണ്? നിങ്ങൾ സ്ത്രീകളെക്കുറിച്ച് പറയുന്ന വൃത്തികെട്ട ഭാഷ, നിങ്ങളുടെ വിറയൽ ഇതിലെല്ലാം ശ്രദ്ധാലുവായിരിക്കണം. നിങ്ങൾ ഒരു ബഹുമാന്യനായ വ്യക്തിയാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ഫ്രോഡ് ആണ് നിങ്ങൾ എന്നും ശ്രീ റെഡ്ഡി പ്രതികരിച്ചു.
Discussion about this post