ഛണ്ഡീഗഡ്: സ്വന്തമായി കാറ് വാങ്ങാം ബൈക്ക് വാങ്ങാം. മുകേഷ് അംബാനിയെ പോലുള്ള ശതകോടീശ്വരൻമാർക്കാണെങ്കിൽ സ്വന്തമായി ജെറ്റ് വിമാനങ്ങളും കപ്പലും വാങ്ങാം. പക്ഷെ എത്ര കോടീശ്വരൻ ആണെങ്കിലും എത്ര കാശ് കൊടുത്താലും സ്വന്തമായി വാങ്ങാൻ കഴിയാത്ത വാഹനമാണ് ട്രെയിൻ. എന്നാൽ സ്വന്തമായി ട്രെയിനുള്ള ഒരു വ്യക്തി നമ്മുടെ രാജ്യത്ത് ഉണ്ട്.
പഞ്ചാബിലെ ലുധിനായനിലെ കാട്ടാന ഗ്രാമത്തിൽ താമസിക്കുന്ന സമ്പുരാൻ സിംഗാണ് ഈ രാജ്യത്ത് സ്വന്തമായി ട്രെയിനുള്ള ഏക വ്യക്തി. ട്രെയിനിന്റെ ഉടമയാ അദ്ദേഹം സമ്പന്നനോ ശതകോടീശ്വരനോ അല്ല. മറിച്ച് ഒരു പാവം കർഷകനാണ്. സമ്പുരാൻ സിംഗ് എങ്ങനെ ട്രെയിനിന്റെ ഉടമയായി എന്ന് നോക്കാം.
2017 ൽ ആയിരുന്നു സമ്പുരാൻ സിംഗ് ട്രെയിനിന്റെ ഉടമയായത്. സ്വർണ ശദാബ്ദി എക്സ്പ്രസ് ആണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഡൽഹിയിൽ നിന്നും അമൃത്സറിലേക്കാണ് ഈ ട്രെയിനിന്റെ സർവ്വീസ്.
2007 ൽ ലുധിയാന- ഛണ്ഡീഗഡ് റെയിൽവേ ലൈനിനായി റെയിൽവേ സമ്പുരാൻ സിംഗിന്റെ സ്ഥലം ഉൾപ്പെടെ ഏറ്റെടുത്തിരുന്നു. ഏക്കറിന് 25 ലക്ഷം എന്ന കണത്തിൽ ആയിരുന്നു റെയിൽവേയ്ക്ക് സമ്പുരാൻ സിംഗ് തന്റെ ഏക്കറ് കണക്കിന് ഭൂമി നൽകിയത്. എന്നാൽ സമീപ ഗ്രാമത്തിൽ നിന്നും ഏറ്റെടുത്ത ഭൂമിയ്ക്ക് ഏക്കറിന് 71 ലക്ഷം രൂപയാണ് റെയിൽവേ നൽകിയത്. ഇക്കാര്യം അറിഞ്ഞ സമ്പുരാൻ തനിക്ക് കുറഞ്ഞ തുക നൽകിയതിൽ റെയിൽവേയ്ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
2015 ൽ സമ്പുരാൻ സിംഗിന് 1.47 കോടി രൂപ നൽകാൻ റെയിൽവേയോട് കോടതി വിധിച്ചു. എന്നാൽ വെറും 42 ലക്ഷം രൂപ മാത്രമാണ് റെയിൽവേ നൽകിയത്. ഇതോടെ ബാക്കി തുക ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സമ്പുരാൻ സിംഗ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് 2017 ൽ ലുധിയാന സ്റ്റേഷനിലെ ട്രെയിനും സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും കണ്ടുകെട്ടാൻ ജില്ലാ സെഷൻസ് ജഡ്ജി ഉത്തരവിടുകയായിരുന്നു. ഇതിന് പിന്നാലെ സ്റ്റേഷനിൽ എത്തിയ സമ്പുരാൻ സിംഗും അധികൃതരും സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും ഈ സമയം അവിടെയെത്തിയ സ്വർണ ശദാബ്ദി എക്സ്പ്രസും അദ്ദേഹം പിടിച്ചെടുത്തു. ഇങ്ങനെയാണ് സ്വന്തമായി തീവണ്ടിയുള്ള ഏക വ്യക്തിയായി സമ്പുരാൻ സിംഗ് മാറിയത്.
പിന്നീട് കോടതി ഇടപെട്ട് പിടിച്ചുവച്ച ട്രെയിൻവിട്ടയച്ചു. എന്നാൽ ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിലനിൽക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post