ബന്ദർ സെരി ബെഗവാൻ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബ്രൂണെയിൽ എത്തിയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപ്രസിദ്ധമായ സുൽത്താൻ ഒമർ അലി സൈഫുദ്ദീൻ മസ്ജിദ് സന്ദർശിക്കും. ബ്രൂണെയുടെ തലസ്ഥാനമായ ബന്ദർ സെരി ബെഗവാനിൽ സ്ഥിതിചെയ്യുന്ന ഈ മസ്ജിദ് രാജ്യത്തെ ഏറ്റവും പ്രധാന ശ്രദ്ധാകേന്ദ്രമാണ്. ബ്രൂണെയിലെ ഇന്ത്യൻ സമൂഹത്തെ ഇവിടെവെച്ച് പ്രധാനമന്ത്രി കാണുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
ആധുനിക ബ്രൂണെയുടെ ശില്പിയായി അറിയപ്പെടുന്ന സുൽത്താൻ സൈഫുദ്ദിന്റെ പേരിലുള്ളതാണ് സുൽത്താൻ ഒമർ അലി സൈഫുദ്ദീൻ മസ്ജിദ്.
നിലവിലെ സുൽത്താൻ ഹസ്സനൽ ബോൾകിയയുടെ പിതാവാണ് സുൽത്താൻ സൈഫുദ്ദിൻ. 1958-ലാണ് ഈ മനോഹരമായ മസ്ജിദ് നിർമ്മിച്ചത്. മതപരമായ ചടങ്ങുകൾ കൂടാതെ, ബ്രൂണെ രാജകുടുംബവുമായി ബന്ധപ്പെട്ട മറ്റു പ്രധാന ചടങ്ങുകളും നടത്താറുള്ളത് ഈ മസ്ജിദിൽ വച്ചാണ്.
ബ്രൂണെ സന്ദർശിക്കുന്ന സഞ്ചാരികളുടെ ഒരു പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം കൂടിയാണ് ഈ മനോഹരമായ മസ്ജിദ്. ഒരു മതകേന്ദ്രം എന്നതിലുപരി ഒരു പ്രമുഖ ടൂറിസ്റ്റ് സ്പോട്ടും ഫോട്ടോ സ്പോട്ടും ആയാണ് സുൽത്താൻ ഒമർ അലി സൈഫുദ്ദീൻ മസ്ജിദ് അറിയപ്പെടുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും മനോഹരമായ മസ്ജിദ് ആയാണ് ഈ പള്ളി കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ മുഗൾ, ഇറ്റാലിയൻ നവോത്ഥാന വാസ്തുവിദ്യാ ശൈലികളുടെ മിശ്രണമാണ് ഈ പള്ളിയെ ഏറെ ശ്രദ്ധേയമാക്കുന്നത്. ബ്രൂണെയിലെ ഇന്ത്യൻ പ്രവാസികളുമായി ഇവിടെ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.
Discussion about this post