മുംബൈ : വെള്ളെഴുത്ത് ബാധിച്ചവർക്ക് ഇനി മുതൽ കണ്ണടകൾ ആവശ്യമില്ല. ഒരു തുള്ളി മരുന്നിലൂടെ കണ്ണട ഒഴിവാക്കി തെളിമയോടെ ഇനി മുതൽ കാണാൻ സാധിക്കും. ഇതിനായുള്ള പ്രെസ് വു തുള്ളി മരുന്നുകൾ വികസിപ്പിച്ചിരിക്കുകയാണ് മുംബൈയിലെ എൻറോഡ് ഫാർമസ്യൂട്ടിക്കൽ കമ്പനി . അടുത്ത മാസം മുതൽ വിപണിയിൽ ലഭ്യമായി തുടങ്ങും എന്നാണ് വിവരം.
ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡിജിസിഐ), സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) എന്നിവയുടെ അംഗീകാരം ലഭിച്ചതോടെയാണു മരുന്നിന്റെ വിപണനത്തിന് വഴിതെളിഞ്ഞത്. 350 രൂപയ്ക്കാണ് മരുന്ന് ലഭിക്കുക. ഡോക്ട്രറുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ മരുന്ന് ലഭിക്കൂ. ഒരു തുള്ളി ഒഴിച്ചാൽ 15 മിനിറ്റിനുള്ളിൽ പ്രവർത്തിച്ചു തുടങ്ങും. അടുത്ത 6 മണിക്കൂർ തെളിഞ്ഞ കാഴ്ച ലഭിക്കും. 3 മുതൽ 6 മണിക്കൂറിനുള്ളിൽ രണ്ടാമതൊരു തുള്ളി കൂടി ഒഴിച്ചാൽ കൂടുതൽ സമയം മികച്ച കാഴ്ച ലഭിക്കും. ഇതോടെ, കണ്ണട ഉപയോഗം ഒഴിവാക്കാമെന്നു എൻറോഡ് ഫാർമസ്യൂട്ടിക്കൽസിന്റെ സിഇഒ നിഖിൽ കെ. മസുർക്കർ പറഞ്ഞു
മറ്റു രാജ്യങ്ങളിൽ സമാനമായ മരുന്നുണ്ടെങ്കിൽ ഇന്ത്യയിൽ ആദ്യമായാണ് വിപണിയിൽ എത്തുന്നത്. ഇന്ത്യയിൽ 274 പേരിലാണു മരുന്ന് പരീക്ഷിച്ചത്. മെച്ചപ്പെട്ട ഫലമാണു കിട്ടിയതെന്നാണ് കമ്പനി പറയുന്നത്. എന്നാൽ മരുന്ന് ഉപയോഗിച്ചരിൽ ചില ആളുകൾക്ക് ചെറിയ രീതിയിൽ അസ്വാസ്യങ്ങൾ അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇത് കുറച്ച് സമയം മാത്രമാണ് അസ്വസ്ഥതകൾ നിലനിന്നത്. മരുന്നുമായി പരിചയിച്ചതോടെ ഈ പ്രശ്‌നങ്ങൾ അവസാനിച്ചു എന്നും കമ്പനി പറഞ്ഞു.
40 വയസിൽ തുടങ്ങി 60കളുടെ അവസാനം വരെ വായനയ്ക്ക് തടസമുണ്ടാകുന്ന അവസ്ഥയാണു വെള്ളെഴുത്ത്. കൃഷ്ണമണികളുടെ വലുപ്പം ചുരുക്കാൻ സഹായിച്ച് ഈ പ്രശ്‌നം പരിഹരിക്കുകയാണ് പ്രെസ് വു ചെയ്യുന്നതെന്ന് എൻറോഡ് ഫാർമസ്യൂട്ടിക്കൽസിന്റെ സിഇഒ നിഖിൽ കെ. മസുർക്കർ കൂട്ടിച്ചേർത്തു.
Discussion about this post