ഡല്‍ഹി: സിയാച്ചിനില്‍ മഞ്ഞുപാളികള്‍ക്കിടയില്‍ ആറു നാള് കുടുങ്ങിയശേഷം ജീവനോടെ കണ്ടെത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു. ഡല്‍ഹിയിലെ ആര്‍ആര്‍ ആശുപത്രിയില്‍ ഇന്നു രാവിലെ 11.45ഓടെയാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്.
കരളും വൃക്കയും പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് ആരോഗ്യനില അതീവഗുരുതരമായിരുന്നു. തലച്ചോറില്‍ ഓക്സിജന്‍ കുറഞ്ഞതിന്റെ പ്രശ്നങ്ങളും ന്യൂമോണിയ ബാധയും കണ്ടെത്തിയിരുന്നു.
ലോകത്തു കിട്ടാവുന്നതില്‍ ഏറ്റവും മികച്ചതും വിദഗ്ധവുമായ പരിചരണം ലഭ്യമാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊടുംതണുപ്പില്‍ മരവിച്ചുപോയ ശരീരഭാഗങ്ങളിലേക്ക് രക്തം എത്തുമ്പോഴും ശരീരം സാധാരണ താപനിലയിലേക്കു മടങ്ങിവരുമ്പോഴുമുണ്ടാകുന്ന സങ്കീര്‍ണതകള്‍ ഹനുമന്തപ്പയുടെ നില സങ്കീര്‍ണമാക്കി.
കഴിഞ്ഞ മൂന്നിനായിരുന്നു ഹനുമന്തപ്പയടക്കമുള്ള സൈനികര്‍ മഞ്ഞുവീഴ്ചയില്പ്പെട്ടത്. ഹനുമന്തപ്പയടക്കമുള്ളവര് തങ്ങിയിരുന്ന സൈനിക ക്യാംപ് മഞ്ഞുവീഴ്ചയില്‍ പൂര്‍ണമായി തകര്‍ന്നു.
Discussion about this post