എറണാകുളം : അഭിഭാഷകനോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ എസ്.ഐ. റെനീഷിന് തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി. രണ്ടു മാസം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ശിക്ഷ വിധിച്ചത്.
ആലത്തൂർ പോലീസ് സ്റ്റേഷനിൽ വച്ചാണ് അഭിഭാഷകനോട് പോലീസ് അസഭ്യം പറഞ്ഞത്. എന്നാൽ, ഒരു വർഷത്തെ നല്ലനടപ്പിന് നിർദേശിച്ചുകൊണ്ട് ശിക്ഷ നടപ്പാക്കുന്നത് കോടതി മരവിപ്പിച്ചിട്ടുണ്ട്. ഒരു വർഷത്തിനിടെ സമാനമായ കുറ്റകൃത്യം ആവർത്തിക്കാതിരുന്നാൽ ശിക്ഷയിൽ നിന്നൊഴിവാക്കും എന്നും കോടതി വ്യക്തമാക്കി.
ജനുവരിയിലാണ് സംഭവം. ആലത്തൂരിലെ വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനിൽ എത്തിയതായിരുന്നു അഭിഭാഷകൻ. കസ്റ്റഡിയിലെടുത്ത ബസ് വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി എത്തിയ അഡ്വ. അക്വിബ് സുഹൈലും എസ്.ഐ. റെനീഷും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്ക് തർക്കം സോഷ്യൽ മീഡിയയിയൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് കോടതിയലക്ഷ്യം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് റിനീഷിനെതിരേ കേസെടുത്തത്.
നേരത്തേ, എസ്.ഐ. റെനീഷ് സംഭവത്തിൽ നിരുപാധികം മാപ്പു പറഞ്ഞിരുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണമാണ് ചില അനിഷ്ടസംഭവങ്ങളുണ്ടായതെന്നുമാണ് എസ്.ഐ. മാപ്പപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
Discussion about this post