ന്യൂഡൽഹി : അദ്ധ്യാപക ദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവമനസ്സുകളെ രൂപപ്പെടുത്തുന്ന എല്ലാ അദ്ധ്യാപകർക്കും അദ്ദേഹം നന്ദി അറിയിച്ചു . മുൻ രാഷ്ട്രപതി സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മവാർഷികത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ നേർന്നത്.
യുവമനസ്സുകളെ രൂപപ്പെടുത്തുന്ന എല്ലാ അദ്ധ്യാപകർക്കും നന്ദി പ്രകടിപ്പിക്കാനുള്ള അവസരമായ ടീച്ചേഴ്സ് ഡേയിൽ ആശംസകൾ നേരുന്നു . ഡോ. രാധാകൃഷ്ണന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എല്ലാ അദ്ധ്യാപകർക്കും അദ്ധ്യാപക ദിന ആശംസകൾ അറിയിച്ചു. അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ജീവിതം കെട്ടിപ്പടുക്കുക മാത്രമല്ല മഹത്തായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും സംഭവാന ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 5 നാണ് ദേശീയ അദ്ധ്യാപക ദിനം ആഘോഷിക്കുന്നത്. ഗുരുവിനെ ദൈവ തുല്യമായി കാണുന്ന സംസ്‌കാരമാണ് നാം പിന്തുടരുന്നത്. വരും തലമുറയ്ക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കുന്ന എല്ലാ അദ്ധ്യാപകരെയും ആദരിക്കുന്നതിനായി ഇന്നേ ദിനം വിനിയോഗിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ ജന്മദിനമാണ് ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്.
അദ്ദേഹം ഒരു വിഖ്യാത പണ്ഡിതനും ഭാരതരത്‌ന പുരസ്‌കാര ജേതാവും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്നു. 1888 സെപ്തംബർ 5 ന് അദ്ദേഹം ജനിച്ചു. ഒരു വിദ്യാഭ്യാസ വിചക്ഷണനെന്ന നിലയിൽ, അദ്ദേഹം ഒരു വിശിഷ്ട ദൂതനും, അക്കാദമിക് വിദഗ്ധനും, എല്ലാറ്റിനുമുപരിയായി ഒരു മികച്ച അദ്ധ്യാപകനുമായിരുന്നു.
ഡോ. രാധാകൃഷ്ണൻ 1962-ൽ ഇന്ത്യയുടെ രാഷ്ട്രപതിയായി. അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും വിദ്യാർത്ഥികളും അദ്ദേഹത്തെ സമീപിച്ചു. സെപ്റ്റംബർ 5-ന് തന്റെ ജന്മദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു. ‘എന്റെ ജന്മദിനം വിവേകത്തോടെ ആചരിക്കുന്നതിനുപകരം, സെപ്തംബർ 5 അദ്ധ്യാപക ദിനമായി ആചരിക്കുന്നതാണ് നല്ലത് എന്ന് ഡോ. എസ്. രാധാകൃഷ്ണൻ അവരോട് പറഞ്ഞു. ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്നുള്ള അത്തരമൊരു അഭ്യർത്ഥന ഡോ. എസ്. രാധാകൃഷ്ണന്റെ അദ്ധ്യാപകരോടുള്ള വാത്സല്യവും അർപ്പണബോധവും വ്യക്തമായി പ്രകടമാക്കുന്നു. അന്നു മുതൽ ഇന്ത്യ സെപ്തംബർ 5 ന് അദ്ധ്യാപക ദിനമായി ആഘോഷിച്ചു വരുന്നു.
Discussion about this post