റായ്പുർ : ഛത്തീസ്ഗഡിൽ 41 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി. ബിജാപൂർ ജില്ലയിലാണ് ബുധനാഴ്ച കൂട്ട കീഴടങ്ങൽ നടന്നത്. 12 സ്ത്രീകൾ ഉൾപ്പെടെയുള്ള 41 കമ്മ്യൂണിസ്റ്റ് ഭീകരർ ആണ് ജില്ലാ പോലീസിന് മുൻപാകെ ആയുധങ്ങൾ സമർപ്പിച്ച് കീഴടങ്ങിയത്. ഇവരിൽ 32 പേരുടെ തലയ്ക്ക് 1.19 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
കീഴടങ്ങിയ കമ്മ്യൂണിസ്റ്റ് ഭീകരർ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി, തെലങ്കാന സ്റ്റേറ്റ് കമ്മിറ്റി, ധംതാരി-ഗരിയബന്ദ്-നുവാപാഡ ഡിവിഷനുകൾ എന്നിവയിലെ അംഗങ്ങളാണ്. സർക്കാരിന്റെ പുതിയ കീഴടങ്ങൽ, പുനരധിവാസ നയത്തിലും ബസ്തർ റേഞ്ച് പോലീസിന്റെ സാമൂഹിക പുനഃസംയോജനത്തിനായുള്ള പുനരധിവാസ നീക്കമായ “പൂന മാർഗം” (പുനരധിവാസം) പദ്ധതിയിലും ആകൃഷ്ടരായാണ് കൂട്ടത്തോടെ ആയുധങ്ങൾ വെച്ച് കീഴടങ്ങിയത് എന്നാണ് കമ്മ്യൂണിസ്റ്റ് ഭീകരർ വ്യക്തമാക്കുന്നത്.
കീഴടങ്ങിയ 41 നക്സലൈറ്റുകളിൽ നാലുപേർ പിഎൽജിഎ (പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി) ബറ്റാലിയൻ നമ്പർ 1, മാവോയിസ്റ്റുകളുടെ വ്യത്യസ്ത കമ്പനി അംഗങ്ങൾ, ഏരിയ കമ്മിറ്റികളിലെ മൂന്ന് പേർ, 11 പ്ലാറ്റൂൺ, ഏരിയ കമ്മിറ്റി പാർട്ടി അംഗങ്ങൾ, രണ്ട് പിഎൽജിഎ അംഗങ്ങൾ, നാല് മിലിഷ്യ പ്ലാറ്റൂൺ കമാൻഡർമാർ, ഒരു ഡെപ്യൂട്ടി കമാൻഡർ, ആറ് മിലിഷ്യ പ്ലാറ്റൂൺ അംഗങ്ങൾ എന്നിവരാണ്. ബാക്കിയുള്ളവർ നിരോധിത സിപിഐ (മാവോയിസ്റ്റ്) മുന്നണി സംഘടനകളിൽ നിന്നുള്ളവരാണ്. ചുവപ്പു ഭീകരതയുടെ പ്രത്യയശാസ്ത്രം ഉപേക്ഷിച്ച്, ആയുധങ്ങൾ സമർപ്പിച്ച് കീഴടങ്ങുന്നവർക്ക് സർക്കാരിന്റെ പുനരധിവാസ സംരംഭത്തിന്റെ ഭാഗമായി ഓരോ വ്യക്തിക്കും ഒരു സാധാരണ ജീവിതം കെട്ടിപ്പടുത്തുന്നതിനായി 50,000 രൂപയുടെ അടിയന്തര സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.









Discussion about this post