ദൂരയാത്രകൾക്കും വിദേശയാത്രകൾക്കും നമ്മളിൽ പലരും ഉപയോഗിച്ചിട്ടുള്ള വാഹനമാണ് വിമാനം. കുട്ടിക്കാലം മുതൽക്കേ ആകാശത്ത് കൂടെ വിമാനം പോകുമ്പോൾ ഹായ് പ്ലെയ്ൻ എന്ന് വിളിച്ചുകൂടിയവരായിരിക്കും നമ്മൾ. വിമാന ആകാശത്ത് കൂടെ പോകുന്നതിനാൽ വിമാനത്തിന് മഴ കൊള്ളുമോ ഇടിമിന്നൽ ഏൽക്കുമോ തുടങ്ങി പല പല സംശയങ്ങളായിരിക്കു നമ്മളുടെ ഉള്ളിൽ ഉണ്ടാവുക.
യഥാർത്ഥത്തിൽ വിമാനത്തിന് ഇടിമിന്നൽ ഏൽക്കുമോ. ഭൂമിയിലും അന്തരീക്ഷത്തിലുമുള്ള ഏതു വസ്തുവിനും ഇടിമിന്നൽ ഏൽക്കാറുണ്ട്. ലോകത്ത് പ്രതിദിനം 3 ലക്ഷം മുതൽ 5 ലക്ഷം വരെ മിന്നലുകൾ ഉണ്ടാവുന്നു എന്നാണ് ഏകദേശകണക്ക്.
വിമാനത്തിന് ഇടിമിന്നൽ ഏൽക്കുമോ എന്ന് അറിയും മുൻപ് വിമാനം അടിസ്ഥാനപരമായി ഒരു ലോഹപ്പെട്ടിയാണെന്ന് മനസിലാക്കുക. ഞെട്ടിയോ? അപ്പോൾ ഉറപ്പായും വിമാനത്തിന് മിന്നൽ ഏൽക്കില്ലേ എന്നാവും ചോദ്യം. വിമാനങ്ങൾക്ക് ശരാശരി 1000 മണിക്കൂർ പറക്കുമ്പോൾ ഒരു പ്രാവശ്യമെങ്കിലും മിന്നലേൽക്കാറുണ്ടത്രേ. മഴമേഘങ്ങളെ ഒഴിവാക്കി സഞ്ചരിക്കാൻ കഴിയുന്ന റഡാർ സംവിധാനവും വിമാനത്തിലുണ്ട്. വിമാനം ഉയരത്തിൽ സഞ്ചരിക്കുമ്പോഴാണ് ഇടി മിന്നലേൽക്കുക എന്നത് തെറ്റായ ധാരണയാണ്. ടേക്കോഫ് സമയത്തും ലാന്റിങ് സമയത്തുമാണ് ഇടിമിന്നലേൽക്കാൻ സാധ്യത കൂടുതലുള്ളത്. ഇടിമഴ മേഘങ്ങളുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഈ മേഖലയിലാണുള്ളത്. അപ്പോൾ യാത്രക്കാർക്ക് അപകടം സംഭവിക്കില്ലേ എന്നാവും അടുത്ത സംശയം.
അതിനുള്ള ഉത്തരം വിമാനം അടിസ്ഥാനപരമായി ഒരു ലോഹപ്പെട്ടിയാണല്ലോ. വിമാനത്തിന്റെ ഫ്യൂസിലജ് അഥവാ ചട്ടക്കൂട് അലൂമിനിയം ചേർന്ന സംയുക്ത പദാർഥങ്ങൾ (Composite Material)കൊണ്ട് പൊതിഞ്ഞ രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഇത് ഫ്യൂസിലജിൽ ഏശുന്ന വൈദ്യുതപ്രവാഹം പുറത്തുകൂടി വാലറ്റത്തേക്ക് ഒഴുകാൻ സഹായിക്കുന്നു. ഈ രൂപകല്പനഫാരഡെ കേജ്., അഥവാ ഫാരഡെ കവചംഎന്നറിയപ്പെടുന്നു. വൈദ്യുത കാന്തിക വികിരണത്തെ ചെറുക്കുന്ന സംരക്ഷണകവചമുള്ള ഭീമാകാരമായ ഒരു ഫാരഡെ കേജാണ് വിമാനം
വൈദ്യുതിചാർജുള്ള മേഘങ്ങൾ വിമാനത്തിന്റെ ചട്ടക്കൂടിൽ വോൾട്ടേജ് സമാവേശിപ്പിക്കുന്നു (Induce). അതായത് ചാർജ് വാഹിയായ മേഘത്തിനും വിമാനത്തിനും ഇടയിൽ വൈദ്യുതി ഡിസ്ചാർജ് സംഭവിക്കുന്നു. വൈദ്യുതി പ്രവഹിപ്പിക്കാൻ കഴിയുന്ന വസ്തുക്കളാൽ നിർമിച്ച് ഒരു ചട്ടക്കൂടിന് പുറത്ത് ഉണ്ടാകുന്ന ഡിസ്ചാർജ് വിമാനത്തിന്റെ വാലറ്റത്തുകൂടി പുറത്തേക്ക് ഒഴുകുന്നു. അങ്ങനെ വിമാനത്തിനുള്ളിൽ വൈദ്യുതിചാർജ് എത്താതെ അത് യാത്രക്കാരെയും ഉപകരണങ്ങളെയും സംരക്ഷിക്കുന്നു. വിമാനത്തിന്റെ ചട്ടക്കൂടിന് ഒരേ പൊട്ടൻഷ്യൽ വ്യത്യാസം അഥവാ വോൾട്ടേജ് ഉള്ളതുകൊണ്ടാണ് ഇത് സാധിക്കുന്നത്.
മിന്നൽ ഏൽക്കുന്നത് വിമാനത്തിന്റെ താരതമ്യേന കൂർത്ത അഗ്രഭാഗങ്ങളിലാണ്. മുഖ്യമായും വിമാനത്തിന്റെ ചിറകിന്റെ അഗ്രഭാഗത്തോ തുമ്പിലോ ആണ് ഇത് സംഭവിക്കുന്നത്. വൈദ്യുതി ചാർജ് പുറന്തള്ളുന്നത് വാലറ്റത്തുകൂടിയാണ്. ഇവിടെ’മിന്നൽ തിരികൾ’ (lightning wicks)സ്ഥാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട സർക്യൂട്ടുകളും ഉപകരണങ്ങളും പല രീതിയിലുള്ള കവചങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇന്ധന ടാങ്ക് ആവട്ടെ മിന്നലിന് നേരിട്ട് എത്താൻ കഴിയാത്ത സ്ഥാനത്താണ് സ്ഥാപിച്ചിരിക്കുന്നത്; യാത്രക്കാർക്ക് ഇടിമിന്നൽ ശബ്ദം കേൾക്കാമെങ്കിലും സുരക്ഷിതരായിരിക്കും.
Discussion about this post