എറണാകുളം : കൊച്ചിയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കാൻ പുതിയ ബൈപ്പാസ് എത്തുന്നു. ദേശീയപാത അതോറിറ്റി നിർദ്ദേശിച്ചിട്ടുള്ള ആറുവരി കൊച്ചി ബൈപ്പാസ് ഇടപ്പള്ളി-അരൂർ എൻഎച്ച് 66 നെട്ടൂരിൽ നിന്നും ആണ് ആരംഭിക്കുക. എൻഎച്ച് 544 ൽ അങ്കമാലിക്ക് വടക്കുള്ള കരയാംപറമ്പിൽ അവസാനിക്കുന്ന രീതിയിലാണ് പുതിയ കൊച്ചി ബൈപ്പാസ് നിർമ്മിക്കാൻ ഒരുങ്ങുന്നത്. ഈ പുതിയ ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിലെ നിലവിലെ തിരക്കിനും ഗതാഗതക്കുരുക്കിനും വലിയ ശമനമുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
44 കിലോമീറ്റർ നീളത്തിൽ ആയിരിക്കും നിർദ്ദിഷ്ട കൊച്ചി ബൈപ്പാസ് നിർമ്മിക്കപ്പെടുക. ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ബൈപ്പാസിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന റവന്യൂ വകുപ്പ്. 290.58 ഹെക്ടർ ഭൂമിയാണ് പുതിയ ബൈപ്പാസിനായി ഏറ്റെടുക്കേണ്ടി വരിക. ആലുവ താലൂക്കിലെ 6 വില്ലേജുകളിലും കുന്നത്തുനാട്ടിലെ 8 വില്ലേജുകളിലും കണയന്നൂരിലെ 4 വില്ലേജുകളിലും ആയാണ് സ്ഥലം ഏറ്റെടുക്കേണ്ടി വരിക.
സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സ്കെച്ച് അടക്കമുള്ള വിശദാംശങ്ങൾ തയ്യാറാക്കൽ, ഗ്രൗണ്ട് ലെവൽ സർവ്വേ എന്നിവയ്ക്ക് ശേഷം ആയിരിക്കും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ഏകദേശം ഒരു വർഷത്തിനുള്ളിൽ തന്നെ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കാൻ കഴിയും എന്നാണ് സംസ്ഥാന റവന്യൂ വകുപ്പ് പ്രതീക്ഷിക്കുന്നത്.
Discussion about this post