ബംഗളൂരൂ : മലയാളം സിനിമാ മേഖലയിൽ നിന്ന് നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ടായതായി താൻ മുൻപും കേട്ടിട്ടുണ്ടെന്ന് നടിയും മുൻ എംപിയുമായ സുമലത. ഇത്തരം അനുഭവങ്ങൾ പലരും തന്നോട് പങ്ക് വച്ചിട്ടുണ്ട് എന്ന് നടി പറഞ്ഞു. എല്ലാ മേഖലകളിലും പവർ ഗ്രൂപ്പുകളുണ്ട്. സിനിമാമേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങൾ നടപ്പാക്കാൻ സെൻസർ ബോർഡ് പോലെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് കീഴിൽ ഒരു ഭരണഘടനാ സംവിധാനം വേണമെന്നും അതിനായി കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്നും സുമലത കൂട്ടിച്ചേർത്തു.
തുറന്ന് പറയാൻ ധൈര്യം കാണിച്ച് മുന്നോട്ട് വന്ന സ്ത്രീകൾക്ക് ഒരായിരം അഭിവാദ്യങ്ങൾ. കൂടാതെ ഇത് എല്ലാ പുറത്ത് കൊണ്ടുവരുവാൻ വഴിയൊരുക്കിയ ഡബ്യുസിസിക്കും അഭിവാദ്യങ്ങൾ. ഒരിക്കലും ഈ മേഖലയിൽ ആരും തുറന്ന് പറയാത്ത പരസ്യമായ രഹസ്യങ്ങളായിരുന്നു ഇതെല്ലാം. ഇത് ചരിത്രത്തിലെ സുപ്രധാന നിമിഷമാണ്.
മലയാളം സിനിമാ മേഖലയിൽ ഒറ്റയ്ക്ക് ഹോട്ടലിൽ താമസിക്കുന്ന നടിമാരുടെ കതകിലടിക്കുന്ന സംഭവമൊക്കെ ഞാൻ മുൻപും കേട്ടിട്ടുള്ളതാണ്. അവസരങ്ങൾക്ക് സഹകരിക്കണമെന്നും ഇല്ലെങ്കിൽ ഉപദ്രവിക്കുമെന്നും ചിലർ പിന്തുടർന്ന് വേട്ടയാടുന്നുവെന്നും പല സ്ത്രീകളും എന്നോട് തന്നെ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. പക്ഷേ അന്ന് അവർക്കതെല്ലാം തുറന്ന് പറയാൻ പേടിയായിരുന്നു. തുറന്ന് പറയുന്നവരെ മോശക്കാരാക്കുന്ന പ്രവണതയായിരുന്നു അന്ന്. പരാതി പറയുന്നവരെ മോശം കണ്ണിലൂടെ കാണുന്ന കാലം. അത് മാറുന്നു എന്നതിൽ സന്തോഷമാണ് എന്നും സുമലത പറഞ്ഞു.
ധൈര്യത്തോടെ മുന്നോട്ട് വരുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ ഇടമൊരുക്കാൻ നമുക്കെല്ലാം ബാധ്യതയുണ്ട്. ഇതിലെല്ലാം നടപടിയുണ്ടാകണം. മലയാളത്തിൽ മുൻപ് കേട്ടിട്ടുള്ള കഥകൾ പലതും പേടിപ്പെടുത്തുന്നതാണ് . ഇത് എല്ലാം പരിഹരിക്കാനുള്ള മാർഗം എന്നത് സെറ്റുകളിലെ സ്ത്രീസുരക്ഷയ്ക്കായി കൃത്യം നിയമങ്ങൾ കൊണ്ട് വരിക എന്നത് മാത്രമാണ് . അത് തെറ്റിക്കുന്നവർക്ക് കർശനശിക്ഷ ഉറപ്പാക്കണം. ഇതിന് ഒരു സംഘടനയുടെ സർക്കുലർ അല്ല, കൃത്യമായ നിയമസംവിധാനമാണ് വേണ്ടത്. അത് കൊണ്ടുവരാൻ ഏറ്റവും കൃത്യമായ സമയം ഇതാണ് എന്നും സുമലത കൂട്ടിച്ചേർത്തു.
Discussion about this post