തിരുവനന്തപുരം : ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ നടത്തിയ പ്രതിഷേധത്തിനിടെ സ്പീക്കറുടെ കസേര വലിച്ച സംഭവം അബദ്ധമായി പോയെന്ന് മുൻ മന്ത്രി കെ ടി ജലിൽ എംഎൽഎ. അദ്ധ്യാപക ദിന പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടിയാാണ് ജലീലിന്റെ പ്രതികരണം. മനുഷ്യന്റെ വികാരത്തള്ളിച്ചയിൽ സംഭവിച്ച ഒരു കൈപ്പിഴയായിരുന്നു അതൊന്ന് അദ്ദേഹം പറഞ്ഞു .
അദ്ധ്യാപക ദിനത്തിൽ കെ ടി ജലിൽ ഫേയ്‌സ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. രക്തത്തത്തെക്കാൾ വിശുദ്ധിയുണ്ട് പണ്ഡിതരായ ഗുരുവിന്റെ മഷിക്ക് എന്നൊരു പ്രയോഗമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. ഇതിനെതിരെ ഇടത് അണികൾ തന്നെ രംഗത്ത് വന്നിരുന്നു. അദ്ധ്യാപകരുടെ വിശുദ്ധി പറയാൻ രക്തസാക്ഷികളുടെ രക്തത്തിൻറെ വിശുദ്ധി താഴ്ത്തിക്കെട്ടേണ്ടെന്നാണ് വിമർശനം. നിരവധി പേരാണ് ഇടതു പ്രൊഫൈലിൽ നിന്നും പോസ്റ്റിനു താഴെ കമന്റുകളായി എത്തുന്നത്.
നിയമസഭയിൽ ഇ പി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ ചെയർ വലിച്ചിട്ടത് ശരിയായില്ല. താങ്കൾ അസംബ്ലിയിൽ പോയിരുന്നില്ലെങ്കിൽ പിഎസ്എംഒ കോളേജിൽ പ്രിൻസിപ്പൽ ആകേണ്ടയാളായിരുന്നു. കോളേജിൽ എന്തെങ്കിലും ഇഷ്യൂസ് ഉണ്ടായാലും താങ്കൾ വരുമ്പോൾ വിദ്യാർത്ഥികൾ താങ്കളുടെ ചെയർ വലിച്ചെറിഞ്ഞാൽ എന്തായിരിക്കും താങ്കളുടെ നിലപാട് എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയെന്നോണമാണ് ആ കമന്റ് ജലിൽ കുറിച്ചത്.
ബാർ കോഴ വിവദത്തെ തുടർന്നായിരുന്നു നിയമസഭയിൽ പ്രതിഷേധം ഉയർന്നത്. 2015ൽ ബജറ്റ് അവതരിപ്പിക്കാൻ എത്തിയ അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ തടയാൻ വേണ്ടിയാണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ ആക്രമണം നടന്നത് . ആക്രമണത്തിൽ കെ.ടി. ജലീൽ പ്രതിയാണ്. മന്ത്രി വി.ശിവൻകുട്ടി, എൽഡിഎഫ് കൺവീനറായിരുന്ന ഇ.പി. ജയരാജൻ, മുൻ എംഎൽഎമാരായ സി.കെ. സദാശിവൻ, കെ.അജിത്, കെ.കുഞ്ഞഹമ്മദ് എന്നിവരും കേസിലെ പ്രതികളാണ്. കയ്യാങ്കളിയെ തുടർന്ന് നിയസഭയിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
Discussion about this post