കൊൽക്കത്ത : അവളുടെ സ്വപ്‌നങ്ങൾ ക്രൂരമായി കൊല്ലപ്പെട്ടു….. അദ്ധ്യാപകദിനത്തിൽ കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ അമ്മയുടെ കുറിപ്പാണ് എല്ലാവരുടെയും മനസ്സിനെ ഈറനണിയിപ്പിക്കുന്നത്. നല്ല അദ്ധ്യാപകരെ കിട്ടിയതുകൊണ്ടാണ് എന്റെ മകൾക്ക് ഒരു ഡോക്ടറാകാൻ കഴിഞ്ഞത്… എന്നിട്ടും അവളുടെ സ്വപ്‌നങ്ങളെ ക്രൂരമായി കഴുത്തു ഞെരിച്ചു കൊന്നുകളഞ്ഞു എന്ന് അമ്മ എഴുതി.
തന്റെ മകളെ ഡോക്ടറാകുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ചതിന് എല്ലാ അദ്ധ്യാപകരോടും താൻ നന്ദി പറയുന്നു. ‘എന്റെ മകൾക്ക് വേണ്ടി അവളുടെ എല്ലാ അദ്ധ്യാപകരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. കുട്ടിക്കാലം മുതൽ അവൾക്ക് ഒരു ഡോക്ടറാവുക എന്ന സ്വപ്നം ഉണ്ടായിരുന്നു. ആ സ്വപ്നത്തിന്റെ പിന്നിലുള്ളവർ നിങ്ങളായിരുന്നു എന്ന് അമ്മ കത്തിൽ കുറിച്ചിട്ടുണ്ട്.
എന്റെ മകൾ പറയുമായിരുന്നു. എനിക്ക് പണം ആവശ്യമില്ല. എനിക്ക് എന്റെ പേരിന് അടുത്തായി ധാരാളം ബിരുദ്ധങ്ങൾ മാത്രം മതി. എനിക്ക് കഴിയുന്നത്ര രോഗികളെ ഞാൻ സുഖപ്പെടുത്തും . ഇനി തന്റെ മകൾക്ക് അതിന് ഒന്നും കഴിയില്ലല്ലോ…. എന്ന് അമ്മ കുറിച്ചു.
മകൾക്ക് നീതി തേടുകയാണ്. മെഡിക്കൽ കോളേജ് അദ്ധ്യാപകരോടും ഡോക്ടർമാരോടും ആരോഗ്യ അധികാരികളോടും നഴ്സിങ് സ്റ്റാഫുകളോടും സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിയാമെങ്കിൽ പറയണെമന്നും അവർ ആവശ്യപ്പെട്ടു. നല്ലവരായ ചിലരുടെ മൗനം കുറ്റവാളികളെ ധൈര്യപ്പെടുത്തുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
ആഗസ്റ്റ് ഒമ്പതിന് പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ.ജി. കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയർ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി. കേസ് പിന്നീട് കൊൽക്കത്ത ഹൈക്കോടതി സി.ബി.ഐക്ക് വിടുകയായിരുന്നു.
Discussion about this post