പാട്ന : 34 വർഷങ്ങൾക്കു മുൻപ് 20 രൂപ കൈക്കൂലി വാങ്ങിയ കേസിൽ മുൻ പോലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് കോടതി. ബീഹാറിലെ സഹർസയിലാണ് സംഭവം നടന്നത്. 1990ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എന്നാൽ വർഷങ്ങളോളം പ്രതി കോടതിയെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നാണ് ഉടൻതന്നെ അറസ്റ്റ് ചെയ്യാൻ കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
1990 മെയ് 6 ന് സഹർസ റെയിൽവേ പ്ലാറ്റ്‌ഫോമിൽ പച്ചക്കറി വിൽക്കുന്ന ഒരു സ്ത്രീയിൽ നിന്ന് ഹവിൽദാർ സുരേഷ് പ്രസാദ് സിംഗ് 20 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അന്നത്തെ സഹർസ റെയിൽവേ സ്റ്റേഷൻ ഓഫീസറും പോലീസ് സംഘവും ചേർന്ന് പ്രതിയായ ഹവിൽദാറിനെ 1990 മെയ് 6 ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. യൂണിഫോമിൽ ഡ്യൂട്ടിയിലിരിക്കെ കൈക്കൂലി വാങ്ങിയതിന്റെ പേരിൽ പിന്നീട് ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെടുകയും ചെയ്തു.
എന്നാൽ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയശേഷം ഹവീൽദാർ സുരേഷിനെ പിന്നീട് കോടതി കണ്ടിട്ടേയില്ല. കോടതി രേഖകളിൽ വ്യാജ വിലാസം നൽകിയതുമൂലം കോടതിയിൽ നിന്നും അയക്കുന്ന സമൻസുകൾ കൈപ്പറ്റാതെയാണ് വർഷങ്ങളോളം സുരേഷ് കോടതിയെ കബളിപ്പിച്ചത്. ഒടുവിൽ പ്രതിയെ എങ്ങനെയെങ്കിലും അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ആണ് ഇപ്പോൾ കോടതി പോലീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്.
ലഖിസരായി ജില്ലയിലെ ബർഹിയയിലെ ബിജോയ് ഗ്രാമത്തിലാണ് താമസിക്കുന്നതെങ്കിലും സഹർസയിലെ മഹേഷ്ഖുന്ത് എന്നായിരുന്നു അറസ്റ്റിലായ ഹവിൽദാർ സുരേഷ് സിംഗ് അന്ന് കോടതിയിൽ വിലാസം നൽകിയിരുന്നത്. കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം സുരേഷ് സിംഗ് കോടതിയിൽ എത്തിയിരുന്നില്ല. സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നപ്പോൾ, 1999-ൽ കോടതി ജാമ്യം റദ്ദാക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ജപ്തി ഉത്തരവും പുറപ്പെടുവിച്ചെങ്കിലും ഇദ്ദേഹത്തെ എവിടെയും കണ്ടെത്താനായില്ല. ഇതോടെയാണ് കോടതി ഇയാളെ എത്രയും പെട്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സംസ്ഥാന ഡിജിപിക്ക് തന്നെ നിർദ്ദേശം നൽകിയിരിക്കുന്നത്.
Discussion about this post