ജീവിതത്തിന്റെ ഒരുഘട്ടത്തിൽ മാതൃരാജ്യത്തിനായി പട്ടാളയൂണിഫോമിൽ ധീരതയോടെ പോരാടുക. മറ്റൊരു ഘട്ടത്തിൽ ജേഴ്‌സിയണിഞ്ഞ് കളിക്കളത്തിൽ രാജ്യം റെക്കോർഡുകൾ കുറിക്കുന്നതിന്റെ ഭാഗമാകുക. ഇങ്ങനെയൊരു അപൂർവ്വ സൗഭാഗ്യത്തിന്റെ നിറവിലാണ് ഇന്ത്യൻ ഷോട്ട്പുട്ട് താരം ഹൊകാതോ സെമ. 2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ് 57 ഇനത്തിൽ വെങ്കലമെഡൽ നേടിയാണ് ഹൊകാതോ ഹോട്ടോഷെ സെമ ചരിത്രം സൃഷ്ടിച്ചത്. ഇതോടെ നാഗാലാൻഡിൽ നിന്ന് ഇന്ത്യക്കായി പാരാലിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ അത്‌ലറ്റായി സെമ മാറി. തന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരമായ 14.49 മീറ്ററിലൂടെയാണ് വെങ്കലനേട്ടം.
രാജ്യത്തിനായുള്ള പോരാട്ടം 40കാരനായ സെമയ്ക്ക് പുതുമയുള്ള കാര്യമല്ല. കുഞ്ഞിളം കൈകൾ ഉറയ്ക്കും മുൻപേ ഇന്ത്യൻ ആർമിയുടെ തോക്ക് കൈകളിലേന്തിയാളാണ് സെമ. 1983 ഡിസംബറിൽ കർഷക കുടുംബത്തിലെ രണ്ടാമനായി ജനിച്ച സെമയ്ക്ക് സൈനിക സേവനം ജീവിതോപാധി മാത്രമായിരുന്നില്ല. ചെറുപ്രായത്തിൽ തന്നെ സെന്യത്തിന്റെ സ്‌പെഷ്യൽഫോഴ്‌സിന്റെ ഭാഗമാകുകയെന്ന സ്വപ്‌നത്തിനൊപ്പമായിരുന്നു സെമ. 17 ാം വയസിൽ സ്വപ്‌നസാക്ഷാത്ക്കാരത്തിന്റെ ആദ്യപടിയെന്നോണം സൈന്യത്തിലേക്ക്. പക്ഷേ സെമയ്ക്കായി വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. 2002 ഒക്ടോബറിലാണ് സെമയുടെ ജീവിതം മാറ്റിമറിച്ച സംഭവം ഉണ്ടായത്. ജമ്മുകശ്മീരിലെ ചൗക്കിബാലിൽ ഭീകര വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുക്കുന്നതിനിടെ സെമയെ തേടി ആ ദുരന്തമെത്തി. കുഴിബോംബ് പൊട്ടി അദ്ദേഹത്തിന്റെ ഇടതുകാൽ നഷ്ടപ്പെട്ടു. മുട്ടിന് താഴേക്ക് പൂർണമായും കാൽ അറ്റുപോയി. ഇതോടെ സ്‌പെഷ്യൽ ഫോഴ്‌സിൽ ചേരുകയെന്ന സ്വപ്‌നം പൊലിഞ്ഞു. കാൽ നഷ്ടപ്പെട്ടതായിരുന്നില്ല സൈനികസേവനം അവസാനിച്ചതായിരുന്നു സെമയെ അലട്ടിയിരുന്നത്.
ആ ആഘാതത്തിൽ നിന്നു പുറത്ത് കടക്കാൻ സെമ നന്നേ പാടുപെട്ടു. എന്നാൽ തോറ്റുകൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പാരാ അത്‌ലറ്റ്ക്‌സിലേക്ക് തന്റെ ശ്രദ്ധ പൂർണമായും മാറ്റിയ അദ്ദേഹം ഇന്ത്യയ്ക്കായി ഒരു മെഡൽ എന്ന സ്വപ്‌നം കാണാൻ തുടങ്ങി. ഒരു കാലിന് ശേഷി ഇല്ലാത്തതും പേശികൾക്ക് ബലക്ഷയം വന്നതും വകവയ്ക്കാതെ പൂനെയിൽ ആർമി പാരാലിമ്പിക്‌സ് നോഡിൽ എത്തി അദ്ദേഹം പരിശീലനം ആരംഭിച്ചു. 2022 ലെ ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കലമെഡലോടെ തുടക്കം. അതേവർഷം മൊറോക്കോ ഗ്രാൻഡ്പ്രിക്‌സിൽ വെള്ളി മെഡൽ ജേതാവായി. ഈ വർഷം നടന്ന ലോക ചാമ്പ്യൻഷിപിൽ നാലാം സ്ഥാനത്തെത്തി. ഇന്നിതാ പാരീസ് പാരാലിമ്പിക്‌സിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യക്കായി മെഡൽ നേടിയിരിക്കുന്നു. തോറ്റ് പോയെന്ന് തോന്നിയിടത്ത് നിന്ന് ഒറ്റക്കാലിൽ ഉയർത്തെഴുന്നേറ്റ് വിജയയിയായ അദ്ദേഹത്തിന്റെ യാത്ര എല്ലാവർക്കും പ്രചോദനമാണ്.
Discussion about this post