തൃശ്ശൂർ : തൃശ്ശൂരിന്റെ മുഖശ്രീ ആയിരുന്ന ശക്തൻ തമ്പുരാന്റെ വെങ്കല പ്രതിമ കെഎസ്ആർടിസി ബസിടിച്ച് തകർന്നിട്ട് മൂന്നുമാസം ആയിട്ടും ഇതുവരെ പുതിയ പ്രതിമ സ്ഥാപിച്ചിട്ടില്ല. അതേസമയം ശക്തൻ തമ്പുരാന്റെ പൂർണ്ണകായ വെങ്കല പ്രതിമ സ്വന്തം ചെലവിൽ നിർമ്മിച്ചു നൽകാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. തൃശ്ശൂർ മേയറെ ആണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
കെഎസ്ആർടിസി ബസിടിച്ചു തകർന്ന ശക്തൻ പ്രതിമ രണ്ടുമാസത്തിനുള്ളിൽ പുനസ്ഥാപിക്കാം എന്നായിരുന്നു സർക്കാർ ഉറപ്പു നൽകിയിരുന്നത്. എന്നാൽ ഈ ഉറപ്പ് പാഴായതോടെയാണ് തൃശ്ശൂർ എംപിയായ സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളിൽ നിന്നും ഉള്ള അനുവാദം എത്രയും പെട്ടെന്ന് ലഭിക്കുകയാണെങ്കിൽ ഉടൻതന്നെ പ്രതിമയുടെ നിർമ്മാണത്തിന് ഓർഡർ നൽകാമെന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്.
ഇപ്പോൾ ഓർഡർ നൽകിയാൽ പൂർണ്ണകായ പ്രതിമ പൂർത്തിയാകുന്നതിന് ആറുമാസം എങ്കിലും വേണ്ടിവരുമെന്നും സുരേഷ് ഗോപി അറിയിച്ചു. കഴിഞ്ഞ ജൂൺ 9നായിരുന്നു കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസ് ഇടിച്ച് ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു വീണിരുന്നത്. പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
Discussion about this post