ന്യൂഡൽഹി : വന്ദേ ഭാരത് സ്ലീപ്പർ എക്‌സ്‌പ്രസ് ട്രെയിനുകളിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിനായി ബ്ലാക്ക് ബോക്സ് ലെവൽ ഉപകരണം സജ്ജീകരിച്ച് ഇന്ത്യൻ റെയിൽവേ. തത്സമയ ഡാറ്റ വിശകലനം ചെയ്ത് സൂക്ഷിച്ച് അധിക സുരക്ഷ ഉറപ്പാക്കുന്നതാണ് ഈ പുതിയ സംവിധാനം. തത്സമയ ഡാറ്റ പകർത്തുന്ന ബ്ലാക്ക് ബോക്‌സ് ഘടിപ്പിച്ച ട്രെയിനുകൾ സുരക്ഷ വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ക്രൂ വോയ്‌സും വീഡിയോയും റെക്കോർഡുചെയ്യുന്ന ലോക്കോമോട്ടീവുകളിൽ ആണ് പുതിയ സുരക്ഷാ ഉപകരണം ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്. ട്രെയിനിന്റെയും ഒപ്പം യാത്രക്കാരുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ട്രെയിൻ ഓപ്പറേഷൻ സമയത്തെ എല്ലാ സംഭവങ്ങളുടെയും ക്രമം മനസ്സിലാക്കാൻ ഈ ഉപകരണം അനലൈസർമാരെ സഹായിക്കുന്നു.
ട്രാക്ക് സൈഡ് വ്യൂ, ലോക്കോയിലെ ക്രൂ ആശയവിനിമയം എന്നിവ കൃത്യമായി റെക്കോർഡ് ചെയ്യുന്ന രീതിയിൽ വികസിപ്പിച്ചെടുത്തിട്ടുള്ളതാണ് ഈ പുതിയ സുരക്ഷാ ഉപകരണം. കൂടാതെ റെക്കോർഡ് ചെയ്ത ഡാറ്റ ക്യാമറകളും മൈക്രോഫോണുകളും ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണത്തിൽ സൂക്ഷിക്കാനും കഴിയുന്നതാണ്. ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങളോ മറ്റോ സംഭവിച്ചാൽ നേരത്തെ സംഭരിച്ച ഡാറ്റ അന്വേഷണ സമയത്ത് സഹായകരമാവുകയും ചെയ്യുന്നതാണ്.
Discussion about this post