ശ്രീനഗർ : ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തവണ ആര് സർക്കാർ രൂപീകരിക്കണമെന്ന് ജമ്മുവിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് മുൻപ് ജമ്മു കശ്മീരിൽ ആരാണ് സർക്കാർ രൂപീകരിക്കേണ്ടതെന്ന് മറ്റാരക്കെയോ ആണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇത്തവണ ആര് ഭരിക്കണം എന്ന് ജനങ്ങൾ തീരുമാനിക്കും- അമിത് ഷാ പറഞ്ഞു . അതേസമയം, നാഷ്ണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന് വോട്ട് ചെയ്യരുതെന്ന് അദ്ദേഹം കശ്മീരിലെ യുവാക്കളോട് അഭ്യർത്ഥിച്ചു. ഇത് തീവ്രവാദത്തെ തിരികെ കൊണ്ടുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എൻസിയും കോൺഗ്രസും അധികാരത്തിൽ വന്നാൽ ഭീകരവാദം പിന്തുടരും. എന്നാൽ ബിജെപി തിരിച്ചുവന്നാൽ ഭീകരവാദത്തിന്റെ ചോദ്യം പോലും ഉയരില്ല. ഭീകരതയുടെ ഇരുണ്ട നാളുകളിലേക്ക് തിരിച്ചുപോകണോ അതോ വികസനവും പുരോഗതിയുമായി മുന്നോട്ട് പോകണോ എന്ന് ആഭ്യന്തമന്ത്രി ജനങ്ങളോട് ചോദിച്ചു.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജമ്മു കശ്മീരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബിആർ അമേദ്കറുടെ ഇന്ത്യൻ ഭരണഘടനയുടെ വ്യവസ്ഥകൾക്ക് കീഴിലും ഒരു ഇന്ത്യൻ പതാകയ്ക്ക് കീഴിലും ഇതാദ്യമായാണ് ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് . ഇത് ചരിത്രപരമാണെന്ന് അമിത് ഷാ പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ ഭീകരവാദം തലപൊക്കാൻ ഒരിക്കലും അനുവദിക്കില്ല. കശ്മീരിൽ സമാധാനം പൂർണമായും പുനഃസ്ഥാപിക്കുന്നതുവരെ പാകിസ്താനുമായി സമാധാന ചർച്ച പുനരാരംഭിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ബിജെപി പൂർണ്ണ ശക്തിയിൽ പോരാടുമെന്നും വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post