തിരുവനന്തപുരം: സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചത് പൂരം കലക്കിയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂർ മണ്ഡലത്തിലെ ന്യൂനപക്ഷ കേന്ദ്രങ്ങളിലടക്കം സുരേഷ് ഗോപി ലീഡ് ചെയ്തത് തൃശൂർ പൂരം കാരണമല്ലെന്ന് പറഞ്ഞ കെ സുരേന്ദ്രൻ, 2024 ലെ പൂരം കലക്കാൻ 2023 ൽ എ ഡി ജി പി ആർ എസ് എസ് നേതാവിനെ കണ്ടു എന്ന് പറയുന്നതിൽ എന്ത് ലോജിക്കാനുള്ളതെന്നും തുറന്നു ചോദിച്ചു.
തൃശ്ശൂരിൽ ഒല്ലൂരിലെ ക്രൈസ്തവ കേന്ദ്രങ്ങളിലെല്ലാം സുരേഷ് ഗോപിയാണ് ലീഡ് ചെയ്തത്. ഇത് കൂടാതെ ചാവക്കാടും ഗുരുവായൂരും മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ സുരേഷ് ഗോപിക്ക് വോട്ട് കിട്ടിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ വലിയതോതിൽ സുരേഷ് ഗോപിക്ക് കിട്ടിയെന്ന് ഇതിൽ വ്യക്തമാണ്. അത് കൊണ്ട് തന്നെ വി ഡി സതീശന്റെ വാദം അടിസ്ഥാന രഹിതമാണ്, അദ്ദേഹം പറഞ്ഞു.
അതെ സമയം കോൺഗ്രസിലെ നേതാക്കളുമായി എ ഡി ജി പി ക്കുള്ള ബന്ധം എന്ത് കൊണ്ടാണ് വി ഡി സതീശൻ തുറന്നു പറയാത്തതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. കുഞ്ഞാലിക്കുട്ടിയേയും വി.ഡി സതീശനേയും എഡിജിപി കണ്ടത് പരസ്യമായിട്ടാണോയെന്ന് സതീശൻ വ്യക്തമാക്കണം. പുനർജ്ജനി കേസ് അന്വേഷണം വേണ്ടെന്നു വെച്ചത് ഇതേ എഡിജിപിയാണ്. ഈ കാര്യങ്ങളിലും വ്യക്തത വരുത്തണം, കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post