അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ഗണേശ ഭഗവാന്റെ പ്രതിമയ്ക്ക് നേരെ കല്ലേറ്. വിനായക ചതുർത്ഥിയുടെ ഭാഗമായി പന്തലിനുള്ളിൽ സ്ഥാപിച്ച വിഗ്രഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ 27 പേർ അറസ്റ്റിലായിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത ഇതര മതത്തിൽപ്പെട്ട കുട്ടികളാണ് ഗണേശ പ്രതിമയ്ക്ക് നേരെ ആക്രമണം നടത്തിയത്. ഇസ്ലാമിക ഭൂരിപക്ഷ പ്രദേശമായ സയേദ്പുരയിൽ സ്ഥാപിച്ച ഗണേശ വിഗ്രഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. രാത്രിയോടെയായിരുന്നു സംഭവം. ആഘോഷ പരിപാടികൾക്കിടെ ചിലർ വിഗ്രഹത്തിന് നേർക്ക് കല്ലുകൾ വലിച്ചെറിയുകയായിരുന്നു. തൊട്ട് പിന്നാലെ പ്രദേശത്ത് ആളുകൾ തമ്മിൽ സംഘർഷവും ഉണ്ടായി.
സംഭവ സമയം പോലീസുകാർ സ്ഥലത്തുണ്ടായിരുന്നു. ഉടനെ ഇവർ ഇടപെട്ട് സംഘർഷം പരിഹരിക്കുകയായിരുന്നു. കല്ലെറിഞ്ഞ കുട്ടികളെ ഉടൻ തന്നെ പോലീസ് സ്ഥലത്ത് നിന്നും മാറ്റിയിരുന്നു. ഇതിന് ശേഷം സംഘർഷമുണ്ടാക്കിയവരെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.
Discussion about this post