വയനാട് : വയനാട് മേഖലയിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കുറ്റ്യാടി വിവാഹങ്ങൾ സജീവമാകുന്നതായി റിപ്പോർട്ടുകൾ. വയനാട്ടിലെ ഗോത്ര വിഭാഗത്തിൽ ഉൾപ്പെടെയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മറ്റു ജില്ലകളിലെ പട്ടികവർഗ്ഗത്തിൽ പെടാത്ത ആളുകൾ വിവാഹം കഴിച്ചു കൊണ്ടുപോകുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വിവാഹങ്ങൾക്ക് പിന്നിൽ വലിയൊരു ബ്രോക്കർ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
കഴിഞ്ഞദിവസം പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഒരു വിവാഹ ദല്ലാളിൽ നിന്നുമാണ് പോലീസിന് കുറ്റ്യാടി വിവാഹങ്ങൾ സജീവമാകുന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. വലിയൊരു റാക്കറ്റ് തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. പുരുഷന്മാരിൽ നിന്നും വൻ തുക കമ്മീഷനായി കൈപ്പറ്റിയാണ് ഈ ബ്രോക്കർമാർ വയനാട്ടിലെ ഗോത്രവർഗ്ഗങ്ങളിൽപെട്ട പെൺകുട്ടികളെ ഇവർക്ക് വിവാഹം കഴിച്ചു കൊടുക്കുന്നത്.
വയനാട് ജില്ലയിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്തു കൊണ്ടുപോകുന്നവരിൽ മധ്യവയസ്കരും രണ്ടാംകെട്ടുകാരും പോലും ഉണ്ട്. ഇത്തരക്കാർക്ക് പെൺകുട്ടികളെ കണ്ടെത്തി കൊടുക്കുന്നതിനായി ഒരു ലക്ഷം രൂപ വരെയാണ് ബ്രോക്കർ ഫീസ് ആയി പുരുഷന്മാരിൽ നിന്നും ഈടാക്കുന്നത്. പെൺകുട്ടികളുടെ വീട്ടുകാർക്ക് പണവും മറ്റു പ്രലോഭനങ്ങളും വാഗ്ദാനം ചെയ്താണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇത്തരത്തിൽ വിവാഹം കഴിപ്പിച്ചു വിടുന്നത്.
മറ്റു ജില്ലകളിലെ പട്ടികവർഗ്ഗത്തിൽ പെടാത്ത പുരുഷന്മാർ ഇത്തരത്തിൽ വയനാട്ടിലെ ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ വിവാഹം ചെയ്തു കൊണ്ടുപോകുന്നതിലൂടെ ഗോത്ര വിഭാഗങ്ങളുടെ അസ്തിത്വം തന്നെ ഇല്ലാതാകും എന്നാണ് വനവാസി സംഘടനകൾ വ്യക്തമാക്കുന്നത്. പെൺകുട്ടികളുടെ വീട്ടുകാർ പലപ്പോഴും അറിവില്ലായ്മ കൊണ്ടും പണത്തിനും മദ്യത്തിനും വേണ്ടിയും മറ്റുമാണ് ഇത്തരത്തിലുള്ള വിവാഹങ്ങൾക്ക് കൂട്ടുനിൽക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകൾക്കുള്ളിൽ തന്നെ ഇത്തരത്തിലുള്ള 35 ഓളം വിവാഹങ്ങൾ നടന്നതായാണ് ജില്ലയിലെ കുടുംബശ്രീ മിഷൻ പ്രവർത്തകരിൽ നിന്നും ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post