കൊൽക്കത്ത : ആർ.ജി കർ മെഡിക്കൽ കോളജിൽ ബലാത്സംഗക്കൊലയ്ക്കിരയായ വനിതാ ഡോക്ടറുടെ അമ്മ മമതാ ബാനാർജിക്കെതിരെ രംഗത്ത്. ഡോക്ടറുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തില്ലെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ വാദത്തെ എതിർത്താണ് അമ്മ രംഗത്ത് വന്നിരിക്കുന്നത്.
മുഖ്യമന്ത്രി നുണ പറയുകയാണ്. എന്റെ മകൾ തിരിച്ചുവരാൻ പോകുന്നില്ല. അവളുടെ പേരിൽ ഞാൻ നുണപറയുമോ? ഞങ്ങൾക്കു പണം ലഭിക്കുമെന്നും മകളുടെ ഓർമയ്ക്കായി എന്തെങ്കിലും നിർമിക്കാനുമാണു മുഖ്യമന്ത്രി നിർദേശിച്ചത്. മകൾക്ക് നീതി ലഭിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി പണം വാങ്ങാമെന്നു ഞാൻ മറുപടി നൽകി.” യുവതിയുടെ അമ്മ പറഞ്ഞു.
എന്നാൽ ഇത് നിഷേധിച്ച് മമതാ ബാനർജി രംഗത്ത് വന്നിരുന്നു. യുവതിയുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും അവർ മകൾക്കായി എന്തെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സർക്കാർ പിൻതുണയ്ക്കാം എന്നുമാത്രമാണ് താൻ പറഞ്ഞത് എന്നാണ് മമതയുടെ വിശദീകരണം.
എന്നാൽ മുഖ്യമന്ത്രി നേരിട്ടാണ് പണം വാഗ്ദാനം ചെയ്തത് എന്ന് ആരോപിച്ച് ഡോക്ടറുടെ ബന്ധവും ഇതേ ആരോപണമായി രംഗത്ത് വന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ബാനർജി ദുർഗപൂജ ആരംഭിക്കുന്നതിനാൽ സംസ്ഥാനം ആഘോഷങ്ങളിലേക്ക് കടക്കണമെന്ന് മമതാ ബാനർജി പറഞ്ഞിരുന്നു. ഇതിനെതിരെയും അമ്മ രംഗത്ത് വന്നിരുന്നു. ഈ ആഹ്വാനം മനുഷ്യത്വരഹിതമെന്നാണ് യുവതിയുടെ അമ്മ വിശേഷിപ്പിച്ചത്. ”എന്റെ വീട്ടിലും ദുർഗപൂജ ആഘോഷിച്ചിരുന്നു. മകളാണ് ചെയ്തിരുന്നത്. എന്റെ വീട്ടിൽ ഇനിയൊരിക്കലും അത് ആഘോഷിക്കില്ല. വീട്ടിലെ പ്രകാശം നഷ്ടപ്പെട്ടു. ആഘോഷത്തിലേക്ക് മടങ്ങിവരാൻ ആളുകളോട് എങ്ങനെയാണ് ഞാൻ പറയുക? മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ് ഇപ്രകാരം സംഭവിച്ചതെങ്കിൽ ഇങ്ങനെ പറയുമോ? എന്ന് അമ്മ ചോദിച്ചു.
സംഭവത്തിൽ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ദിവസം ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ സമരം ചെയ്യുമെന്ന നിലപാടിൽ ഡോക്ടർമാർ ഉറച്ചുനിൽക്കുകയായിരുന്നു. ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ തെറ്റായ വിവരങ്ങളാണ് നൽകിയത് . അതിനാൽ നീതി ലഭിക്കുന്നത് വരെ പ്രതിഷേധം തുടരുക തന്നെ ചെയ്യും എന്ന് ജൂനിയർ ഡോക്ടർമാരുടെ വക്താവ് പറഞ്ഞു.
Discussion about this post