ന്യൂഡൽഹി : സൈബർ സുരക്ഷ ഉറപ്പാക്കാതെ രാജ്യത്തിന്റെ പുരോഗതി സാധ്യമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സൈബർ കുറ്റകൃത്യങ്ങൾക്ക് അതിരുകളില്ലെന്നും അതിനാൽ ഈ ഭീഷണിയെ നേരിടാൻ എല്ലാ ഏജൻസികളും ഒത്തുചേരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ സ്ഥാപക ദിനാഘോഷത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
സൈബർ സുരക്ഷ ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണ്. സൈബർ സുരക്ഷയില്ലാതെ രാജ്യത്തിന്റെ പുരോഗതി സാധ്യമല്ലാത്തതിനാൽ സൈബർ സുരക്ഷ ഉറപ്പാക്കണം. ഇതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ 5,000 സൈബർ കമാൻഡോകളെ പരിശീലിപ്പിക്കാനും തയ്യാറാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
ലോകത്തെ ഡിജിറ്റൽ ഇടപാടുകളിൽ 46 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനായി ഐ 4 സിക്ക് കീഴിൽ നാല് പ്ലാറ്റ്‌ഫോമുകളും അമിത്ഷാ ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) കീഴിൽ 2018 ലാണ് ഐ 4 സി സ്ഥാപിതമായത്.
രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ദേശീയ തലത്തിൽ ഏകോപന കേന്ദ്രം സ്ഥാപിക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. നിയമ നിർവ്വഹണ ഏജൻസികളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന വിവിധ പങ്കാളികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും ഐ 4 സി സഹായിക്കും.
Discussion about this post