ന്യൂഡൽഹി: ആഴ്ചകൾക്കുള്ളിൽ അമേരിക്ക സന്ദർശിക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനിടയിൽ സെമി കണ്ടക്ടർ രംഗത്തെ വൻ ശക്തികളിൽ ഒന്നായ സിംഗപ്പൂരുമായി തന്ത്രപരമായ പല കരാറുകളും ഇന്ത്യ ഒപ്പു വെക്കുകയുണ്ടായി. നാളത്തെ ലോകം വാർത്തെടുക്കാൻ സെമി കണ്ടക്ടർ മേഖലയിൽ തന്ത്രപരമായ പല നടപടികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതം ചെയ്തു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ സെമി കണ്ടക്ടർ മേഖലയിൽ അടുത്ത വൻശക്തി ഭാരതം തന്നെ എന്ന് മനസിലാക്കി, നമ്മളോട് സഖ്യത്തിനൊരുങ്ങുകയാണ് അമേരിക്ക. മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുമ്പ് തന്നെ ഇന്ത്യയുമായുള്ള അർദ്ധ ചാലക സഖ്യം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ്
അർദ്ധചാലക വിതരണ ശൃംഖലയിലെ പുതിയ സാധ്യതകൾ തേടുന്നതിനായി ഇന്ത്യയുമായി ഒരു “പുതിയ പങ്കാളിത്തം” പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. അതിനു വേണ്ടി ഇന്ത്യയുടെ നിലവിലുള്ള സെമി കണ്ടക്ടർ സംവിധാനം , റെഗുലേറ്ററി ചട്ടക്കൂട്, തൊഴിൽ ശക്തി, ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ “സമഗ്ര വിലയിരുത്തൽ” അമേരിക്ക നടത്തും. ഈ വിലയിരുത്തൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അർദ്ധചാലക പങ്കാളിത്തത്തെ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു അടിസ്ഥാനമായി വർത്തിക്കും.
2022-ലെ ചിപ്‌സ് നിയമം,അനുസരിച്ച് “ഇൻ്റർനാഷണൽ ടെക്നോളജി സെക്യൂരിറ്റി ആൻഡ് ഇന്നൊവേഷൻ (ഐടിഎസ്ഐ) ഫണ്ടിന് കീഴിലാണ് സഹകരണം നടത്താനൊരുങ്ങുന്നത്. ആഗോള അർദ്ധചാലക ഇക്കോസിസ്റ്റം വളർത്തുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള അവസരങ്ങൾ വളർത്താനാണ് ഈ സംവിധാനം അമേരിക്ക വികസിപ്പിച്ചിട്ടുള്ളത്. “യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ്, ഇന്ത്യാ അർദ്ധചാലക മിഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം, ഇന്ത്യാ ഗവൺമെൻ്റ്, എന്നിവരുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് വ്യക്തമാക്കിയത്.
ഈ പങ്കാളിത്തം കൂടുതൽ പ്രതിരോധശേഷിയുള്ളതും സുരക്ഷിതവും സുസ്ഥിരവുമായ ആഗോള അർദ്ധചാലക ശൃംഖല സൃഷ്ടിക്കാൻ സഹായിക്കും എന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു
ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി സെപ്റ്റംബർ 21 നും 24 നും ഇടയിൽ യുഎസിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Discussion about this post