ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. കത്വ- ഉധംപൂർ അതിർത്തിയിൽ ആയിരുന്നു ഏറ്റുമുട്ടൽ. രണ്ട് ഭീകരരെയാണ് വധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ് എന്നാണ് വിവരം.
ബസന്ത്ഗഡ് മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി ഇവിടെ എത്തിയതായിരുന്നു സുരക്ഷാ സേന. പരിശോധനയ്ക്കിടെ സേനാംഗങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിയ്ക്കുകയായിരുന്നു.
പ്രദേശം പൂർണമായും സൈന്യം വളഞ്ഞിരിക്കുകയാണ്. ഇനിയും ഭീകരരെ വളഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഏറ്റുമുട്ടൽ പ്രദേശത്ത് നിന്നും ഭീകരർ ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. രാവിലെ ജമ്മു കശ്മീരിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ഇതിൽ ബിഎസ്എഫ് ജവാൻ വീരമൃത്യുവരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ.











