ന്യൂഡൽഹി: ഇന്ത്യയിലെ വിദഗ്ധരായ തൊഴിലാളികളെ ആവശ്യപ്പെട്ട് ഇസ്രായേൽ. ആരോഗ്യ- നിർമ്മാണ മേഖലയിലേക്കാണ് ഇസ്രായേലിന് ഇന്ത്യക്കാരെ ആവശ്യമുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഇസ്രായേൽ അധികൃതർ കേന്ദ്ര നൈപുണ്യ വികസന കോർപ്പറേഷനെ സമീപിച്ചിട്ടുണ്ട്.
ഇസ്രായേൽ- ഹമാസ് സംഘർഷത്തെ തുടർന്ന് പലസ്തീനികളായ തൊഴിലാളികളെ ഇസ്രായേൽ പിരിച്ചുവിട്ടിരുന്നു. ഇതോടെയാണ് തൊഴിലാളികളുടെ ക്ഷാമം നേരിട്ടത്. തുടർന്ന് ഈ ഒഴിവുകളിലേക്ക് ഇന്ത്യക്കാരെ നിയോഗിക്കാൻ ഇസ്രായേൽ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രത്തെ സമീപിച്ചത്. ഇതിനോടകം തന്നെ നിരവധി ഇന്ത്യക്കാരെ വിവിധ തസ്തികകളിൽ നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ള 15000 ഒഴിവിലേക്കാണ് വീണ്ടും ഇസ്രായേൽ തൊഴിലാളികളെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ അയ്യായിരം പേരെ ആരോഗ്യമേഖലയിലേക്ക് ആണ് ആവശ്യം.
അഭിമുഖത്തിലൂടെയായിരിക്കും തൊഴിലാളികളെ തിരഞ്ഞെടുക്കുക. ഇതിനായി അടുത്ത ആഴ്ച ഇസ്രായേലിൽ നിന്നുള്ള സംഘം ഇന്ത്യയിൽ എത്തും. പത്താംക്ലാസ് സർട്ടിഫിക്കറ്റും അംഗീകൃത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കെയർഗിവർ സർട്ടിഫിക്കറ്റും ആവശ്യമാണ്. ഇത് രണ്ടും ഉള്ളവർക്ക് അപേക്ഷിക്കാം. 990 മണിക്കൂർ പ്രവർത്തി പരിചയവും ആവശ്യമാണ്. ജോലി ലഭിക്കുന്നവർക്ക് ബോണസ് ഉൾപ്പെടെ രണ്ട് ലക്ഷം രൂപ വേതനമായി ലഭിക്കും.
Discussion about this post