ന്യൂഡൽഹി : മറ്റ് രാജ്യങ്ങളുമായി ഐക്യത്തോടെ മുന്നോട്ട് പോവുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ആഗോള വെല്ലുവിളികൾ ഉയർന്നു വരികയാണ്. ഇവ കണക്കിലെടുത്ത് സൗഹൃദ രാജ്യങ്ങൾ തമ്മിൽ അവരുടെ പങ്കാളിത്തവും സഹകരണവും പുതിയ ഉയരങ്ങളിലേക്ക് ഉയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജോധ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബഹുമുഖ വ്യോമാഭ്യാസമായ ‘തരംഗ് ശക്തി’യിൽ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.
ഇന്ന് രാജ്യങ്ങൾ യുദ്ധങ്ങളിൽ ഏർപ്പെടുമ്പോൾ ഇന്ത്യ ഐക്യത്തോടെ മുന്നോട്ട് പോകാനാണ് എപ്പോഴും ആഗ്രഹിക്കുന്നതും ലക്ഷ്യമിടുന്നതും. റഷ്യയും യുക്രൈനുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, സെൻസറുകൾ, റഡാറുകൾ, ഇലക്ട്രോണിക് യുദ്ധം തുടങ്ങിയ മേഖലകളിൽ ഇന്ത്യ വലിയ തോതിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണെന്നും പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു. തരംഗ് ശക്തിയിൽ പങ്കെടുക്കുന്ന സൗഹൃദ രാജ്യങ്ങളുമായി അടുത്ത വ്യോമ പിന്തുണ പ്രോത്സാഹിപ്പിക്കുക എന്നതാണ് തരംഗ് ശക്തി വ്യോമാഭ്യാസത്തിന്റെ ലക്ഷ്യം. ഇന്ത്യ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ബഹുരാഷ്ട്ര വ്യോമാഭ്യാസമാണിത്.
സെപ്റ്റംബര് 14നാണ് തരംഗ് ശക്തി അവസാനിക്കുക. ഇതിൽ 10 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഓസ്‌ട്രേലിയ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, സ്‌പെയിൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുകെ, യുഎസ് എന്നിവയാണ് പങ്കെടുക്കുന്ന രാജ്യങ്ങൾ.
Discussion about this post