മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ മുംബൈ വിമാനത്താവളം ഉള്‍പ്പെടുത്താത്തതില്‍ ലഷ്കര്‍ ഇ ത്വയ്ബ നിരാശയിലായിരുന്നുവെന്ന് ആക്രമത്തിന്റെ പ്രധാന സൂത്രധാരനിലൊരാളായ ഡേവിഡ് കോള്മാന് ഹെഡ്ലി.
ആക്രമികള്‍ക്ക് എത്തിചേരാനുള്ള സ്ഥലം തിരഞ്ഞെടുക്കാനായി ഇന്ത്യാ ഗേറ്റ്, കുഫ് പാരഡേ, വോര്‍ളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഒടുവില്‍ കുഫ് പാരഡേയില് എത്തിയാല്‍ മതിയെന്ന് നിശ്ചയിക്കുകയുമായിരുന്നു എന്ന് ഹെഡ്ലി മുംബൈ പ്രത്യേക ടാഡാ കോടതിയില്‍ മൊഴി നല്കി.
ധാരാളം കുടിലുകളാല്‍ ചുറ്റപ്പെട്ട സ്ഥലമായതിനാലാണ് അവിടം തന്നെ തിരഞ്ഞെടുത്തതെന്നും ഹെഡ്ലി വ്യക്തമാക്കി. സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ച സമയത്ത് അവിടെ നിന്നും ചുവപ്പും മഞ്ഞയും നിറത്തിലുള്ള ചരടുകള്‍ വാങ്ങിയിരുന്നെന്നും. പത്ത് ഭീകരന്മാരും ഹിന്ദുക്കളാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി ഇവ ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ ഐ.എസ്.ഐ, ലഷ്കര്‍ പ്രവര്‍ത്തകര്‍ അതിനോട് അനുകൂലിച്ചെന്നും ഹെഡ്ലി പറഞ്ഞു.
സിദ്ധിവിനായക ക്ഷേത്രത്തിലും മുംബൈ വിമാനത്താവളത്തിലും കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് അവയെ ആക്രമണത്തില്‍ നിന്നും ഒഴിവാക്കിത്. പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയിട്ടുള്ള ബോംബ് സ്ഫോടനങ്ങള്‍ക്ക് തിരിച്ചടി നല്‍കാനുള്ള അവസരമായതിനാല്‍ മുംബൈ ആക്രമണത്തിനായുള്ള നിരീക്ഷണങ്ങള്‍ ശ്രദ്ധയോടെ ചെയ്യണമെന്ന് ലഷ്കര്‍ നേതാവ് സാക്കിഉര്റഹ്മാന് ലഖ്വി പറഞ്ഞിരുന്നുവെന്നും ഹെഡ്ലി പറഞ്ഞു. ജൂതന്മാരും ഇസ്രായേലികളും എത്തുന്ന മുംബയിലെ ചാബാദ് ഹൗസിലും ആക്രമണം നടത്താന്‍ ലഷ്കര്‍ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായും ഹെഡ്ലി തന്റെ മൊഴിയില്‍ വെളിപ്പെടുത്തി.
Discussion about this post