ന്യൂഡൽഹി : കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേ വരുമാനം വാരിക്കൂട്ടിയ വർഷമായിരുന്നു എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഏഴു റെയിൽവേ സ്റ്റേഷനുകൾ ആണ് 1000 കോടി ക്ലബ്ബിൽ കടന്നത്. 3,337 കോടി വരുമാനം നേടിയ ന്യൂഡൽഹി സ്റ്റേഷൻ ആണ് ഒന്നാം സ്ഥാനത്തുള്ളത്.
റെയിൽവേ സ്റ്റേഷനുകളുടെ വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള കണക്കുകളിൽ ആയിരം കോടിക്ക് മുകളിൽ വരുമാനം ഉള്ള സ്റ്റേഷനുകളുടെ ലിസ്റ്റ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സതേൺ റെയിൽവേയിൽ നിന്നും ചെന്നൈ സ്റ്റേഷൻ മാത്രമാണ് ആയിരം കോടിക്ക് മുകളിൽ വരുമാനം നേടിയിരിക്കുന്നത്. 1299 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചെന്നൈ സെൻട്രൽ സ്റ്റേഷന്റെ വരുമാനം.
3000 കോടിക്ക് മുകളിലുള്ള റെക്കോർഡ് വരുമാനമാണ് ന്യൂഡൽഹി സ്റ്റേഷനിൽ നിന്നും കഴിഞ്ഞ സാമ്പത്തിക വർഷം ഉണ്ടായിരിക്കുന്നത്. ന്യൂഡൽഹി കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ളത് ഹൗറ സ്റ്റേഷൻ ആണ്. 1692 കോടി രൂപയാണ് ഹൗറ സ്റ്റേഷനിൽ നിന്നുമുള്ള വരുമാനം. 500 കോടിയിൽ താഴെ വരുമാനമുള്ള നോൺ സബർബൻ ഗ്രൂപ്പിൽ 28 സ്റ്റേഷനുകളും കഴിഞ്ഞ സാമ്പത്തിക വർഷം ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ കേരളത്തിൽ നിന്നും ഉള്ള ഒരു സ്റ്റേഷനും ഈ രണ്ടു ലിസ്റ്റുകളിലും ഇല്ല എന്നുള്ളതും ശ്രദ്ധേയമാണ്.
വരുമാനത്തിൽ മുൻപിലാണെങ്കിലും യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ ന്യൂഡൽഹി പുറകിൽ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ ആളുകൾ പ്രതിവർഷം യാത്ര ചെയ്യുന്ന സ്റ്റേഷൻ മുംബൈയിലെ താനെ റെയിൽവേ സ്റ്റേഷൻ ആണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 93.06 കോടി ആളുകളാണ് ഈ സ്റ്റേഷൻ വഴി യാത്ര ചെയ്തത്. രണ്ടാം സ്ഥാനത്തുള്ളത് മുംബൈയിലെ കല്യാൺ സ്റ്റേഷനാണ്. 83.79 കോടി ആളുകൾ കല്യാണ സ്റ്റേഷൻ വഴി യാത്ര ചെയ്തപ്പോൾ ഏറ്റവും ഉയർന്ന വരുമാനം നേടിയ ന്യൂഡൽഹി സ്റ്റേഷൻ വഴി 39.36 കോടി ആളുകൾ മാത്രമാണ് യാത്ര ചെയ്തത്.
500 കോടി ക്ലബ്ബിൽ ഒന്നും ഇടം പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. വരുമാനത്തിൽ ഒന്നാം സ്ഥാനത്തുള്ളത് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനാണ്. 271.12 കോടി രൂപയാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം. എറണാകുളം, കോഴിക്കോട്,തൃശ്ശൂർ എന്നീ സ്റ്റേഷനുകളാണ് വരുമാനത്തിന്റെ കാര്യത്തിൽ തൊട്ടു പുറകിലായി ഉള്ളത്.
Discussion about this post