മലപ്പുറം: സ്വർണ്ണക്കടത്തിൽ നിന്നും പിൻവലിഞ്ഞ് കള്ളക്കടത്ത് സംഘങ്ങൾ. ലാഭം കുറഞ്ഞതോടെയാണ് സ്വർണ്ണക്കടത്ത് മാഫിയ സംഘങ്ങൾ ഉപേക്ഷിക്കുന്നത്. അടുത്തിടെ സ്വർണത്തിന്റെ ഇറക്കുമതി തീരുവു കുറച്ച കേന്ദ്രസർക്കാർ തീരുമാനം ആണ് കള്ളക്കടത്തുകാർക്ക് തിരിച്ചടിയായത്.
നേരത്തെ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനം ആയിരുന്നു. ഈ വേളയിൽ വലിയ തോതിലുള്ള കള്ളക്കടത്ത് ആയിരുന്നു നടന്നിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ആറായി കുറച്ച് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപനം നടത്തി. ഇത് ലാഭത്തിലും കുറവുണ്ടാക്കി.
നേരത്തെ ഒരു കിലോ സ്വർണം രാജ്യത്ത് എത്തിച്ചാൽ എല്ലാ ചിവലും കഴിഞ്ഞ് അഞ്ച് ലക്ഷം രൂപ വരെയായിരുന്നു ലാഭമായി ലഭിച്ചിരുന്നത്. എന്നാൽ ഈ സ്ഥാനത്ത് ഇപ്പോൾ വെറും ഒരു ലക്ഷം രൂപ മാത്രമാണ് ലഭിക്കുന്നത്. ഇതോടെയാണ് സ്വർണ്ണക്കടത്ത് ഉപേക്ഷിക്കാൻ മാഫിയ സംഘങ്ങൾ തീരുമാനിച്ചത്.
വിദേശരാജ്യങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ കള്ളക്കടത്ത് സ്വർണം എത്തുന്ന കേരളത്തിലെ വിമാനത്താവളം ആണ് കരിപ്പൂർ. എന്നാൽ തീരുവ കുറച്ചതിന് ശേഷം കരിപ്പൂരിൽ നിന്നും ഒരു തവണ മാത്രമാണ് കസ്റ്റംസ് സ്വർണം പിടിച്ചിട്ടുള്ളത്. പതിവ് പോലെ തന്നെ കർശനമായ പരിശോധന വിമാനത്താവളത്തിൽ തുടരുന്നുണ്ട്. എന്നാൽ പതിവ് പോലെ സ്വർണം പിടികൂടാൻ കഴിയുന്നില്ല. കള്ളക്കടത്ത് കുറഞ്ഞതാണ് പിടികൂടുന്ന കേസുകൾ കുറയാൻ കാരണം എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം സ്വർണക്കടത്ത് കുറഞ്ഞെങ്കിലും ലഹരി വസ്തുക്കളുടെ കടത്ത് വർദ്ധിച്ചിട്ടുണ്ട്. വിദേശ സിഗരറ്റ് അടക്കമുള്ളവ ഇക്കാലയളവിൽ നിരവധി തവണ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post