ചെന്നൈ: തമിഴ്‌നാട്ടിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സംഘടിപ്പിച്ച പരിപാടിയിൽ ഭക്ഷ്യവിഷബാധ. പരിപാടിയിൽ നിന്നും ബിരിയാണി കഴിച്ച 40 കുട്ടികളടക്കം നൂറിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം.
പാർട്ടി പ്രവർത്തകർ അംഗങ്ങൾക്കായി പൊതുയോഗം നടത്തുകയും പൊതുജനങ്ങൾക്കായി ക്ഷേമവസ്തുക്കൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പരിപാടിയിൽ പങ്കെടുത്തവർക്ക് ബിരിയാണി വിതരണം ചെയ്തിരുന്നു. ചിലർ ഇത് വീടുകളിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു.
ബിരിയാണി കഴിച്ച് അൽപ്പസമയത്തിനകം ആളുകൾക്ക് ഛർദ്ദി ഉൾപ്പെടെയുള്ള അസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. എല്ലാവരെയും വില്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഴകിയ ഭക്ഷണം കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ തിരുമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post