അർമേനിയ: ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ നിന്ന് റോക്കറ്റ് സംവിധാനങ്ങൾ, ആർട്ടിലറികൾ , ആയുധങ്ങൾ കണ്ടെത്തുന്ന റഡാറുകൾ എന്നിവ യൂറോപ്പ്യൻ രാജ്യമായ അർമേനിയ ഓർഡർ ചെയ്തത്. എന്നാൽ ഇതിനു പിന്നാലെ റഷ്യൻ നിർമ്മിത എസ് യു യുദ്ധ വിമാനങ്ങൾ നവീകരിക്കാൻ കൂടെ ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ് രാജ്യം.
അയൽരാജ്യമായ അസര്ബൈജാനുമായുള്ള സംഘർഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നീക്കവുമായി അര്മേനിയ രംഗത്ത് വന്നിരിക്കുന്നത്. ആഗോള ആയുധ വ്യാപാര രംഗത്ത് ഇന്ത്യയുടെ സ്വാധീനം കൂടി വരുന്നതിന്റെ ലക്ഷണമായാണ് അർമേനിയയുടെ ഈ ആവശ്യം വിലയിരുത്തപ്പെടുന്നത്.
തുർക്കിയുടെ പിന്തുണയോടെ ക്രിസ്ത്യൻ രാജ്യമായ അർമേനിയക്കെതിരെ യുദ്ധം നടത്തുകയാണ് അയൽ രാജ്യമായ അസർബൈജാൻ. തുർക്കിയുടെ ആളില്ലാ വിമാനങ്ങൾ ഈ യുദ്ധത്തിൽ അസര്ബൈജാനെ വലിയ രീതിയിൽ സഹായിക്കാറുണ്ട്. പാകിസ്താനിൽ നിന്നുള്ള പട്ടാളക്കാരും ഈ യുദ്ധത്തിൽ അസര്ബൈജാനിന് വേണ്ടി രംഗത്തിറങ്ങി എന്ന വാർത്തകൾ ഉണ്ടായിരിന്നു.
ലോകത്ത് ക്രിസ്തുമതത്തിന്റെ ആദ്യ കാലഘട്ടത്തിലെ ഉയർച്ചക്ക് വലിയ പങ്കുള്ള ഒരു രാജ്യമാണ് അർമേനിയ. എന്നാൽ കഴിഞ്ഞ തവണ ഉണ്ടായ യുദ്ധത്തിൽ വലിയ രീതിയിൽ അർമേനിയ തിരിച്ചടി നേരിട്ടിരുന്നു. ഇതിനെ തുടർന്നാണ് അവർ ഇന്ത്യയിൽ നിന്നും വലിയ തോതിലുള്ള ആയുധ കരാർ നടപ്പിലാക്കിയത്.
ഈ മേഖലയിൽ വലിയ വൈദഗ്ധ്യം ഉള്ളതിനാൽ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിൻ്റെ (എച്ച്എഎൽ) സഹായത്തോടെ ഞങ്ങളുടെ സു-30 വിമാനങ്ങൾ ആധുനികവത്കരിക്കാൻ ഞങ്ങൾ നോക്കുകയാണ്, അർമേനിയൻ എയർഫോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് മേധാവി കേണൽ ഹോവാനെസ് വർദൻയൻ പറഞ്ഞു.
പരമ്പരാഗതമായി അർമേനിയയുടെ പക്ഷത്ത് റഷ്യ ആയിരിന്നു നിലയുറപ്പിച്ചിരുന്നത്. എന്നാൽ യുക്രൈൻ യുദ്ധം തുടങ്ങിയതിനു ശേഷം, അവർക്ക് തുർക്കിയുടെ പിന്തുണ ആവശ്യമായി വന്നതോടെ അസർബൈജാന്റെ പക്ഷത്തേക്ക് റഷ്യ നീങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അർമേനിയ ഇന്ത്യയെ കൂടുതൽ ആശ്രയിക്കുന്നത്.
Discussion about this post