ന്യൂഡൽഹി: സൗജന്യമായി ആധാർകാർഡിൽ പുതിയ വിവരങ്ങൾ നൽകാനായുള്ള ( ആധാർ അപ്‌ഡേഷൻ) തിയതി നീട്ടി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ( യുഐഡിഎഐ). ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ദശലക്ഷക്കണക്കിന് ആധാർ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്നതാണ് പുതിയ തീരുമാനം.
നേരത്തെ ആധാർ അപ്‌ഡേഷനായി ഈ മാസം 14 വരെയായിരുന്നു യുഐഡിഎഐ സമയം അനുവദിച്ചിരുന്നത്. എന്നാൽ സമയം അവസാനിച്ചിട്ടും ഇനിയും ആധാർ അപ്‌ഡേഷൻ പൂർത്തിയാക്കാൻ കഴിയാത്തവർ ഉണ്ട്. ഇവരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് സമയം നീട്ടിയത്. പുതിയ അറിയിപ്പ് പ്രകാരം ആധാർ ഉടമകൾക്ക് ഈ വർഷം ഡിസംബർ 14 വരെ ആധാർ അപ്‌ഡേറ്റ് ചെയ്യാം. ഇതിന് ശേഷം ആധാർ അപ്‌ഡേറ്റ് ചെയ്യുന്നവർ ഫീസ് ഇനത്തിൽ 50 രൂപ നൽകേണ്ടിവരും.
റേഷൻ കാർഡ്, വോട്ടേഴ്‌സ് ഐഡി തുടങ്ങിയ രേഖകൾ ആധാർ അപ്‌ഡേഷന് വേണ്ടി സൗജന്യമായി അപ്ലോഡ് ചെയ്യാം. മൈ ആധാർ പോർട്ടലിൽ കയറി ഏതൊരാൾക്കും ആധാറിൽ പുതിയ വിവരങ്ങൾ ചേർക്കാവുന്നതാണ്. എന്നാൽ രേഖകൾക്ക് മാത്രമേ അപ്‌ഡേഷന് അനുവാദം ഉള്ളൂ. ഫോട്ടോ, വിരലടയാളം എന്നിവ മാറ്റാൻ അനുവാദം ഇല്ല. ഇത്തരം മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നവർ അടുത്തുള്ള ആധാർ സേവ കേന്ദ്രങ്ങളിൽ പോകേണ്ടതാണ്. പ്രവാസികൾക്കും സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നവജാത ശിശുക്കളുടെ ആധാർ കാർഡുകളിലും മാറ്റാൻ വരുത്താൻ അനുവാദമുണ്ട്.
Discussion about this post