മലപ്പുറം : മലപ്പുറം തിരുവാലി പഞ്ചായത്തിൽ മൂന്നുപേർക്ക് കൂടി നിപ ലക്ഷണങ്ങൾ കണ്ടെത്തിയതായി ജില്ലാ ആരോഗ്യവകുപ്പ്. പെരിന്തൽമണ്ണയിൽ നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 151 പേർ ഉൾപ്പെട്ടിട്ടുള്ളതായും ആരോഗ്യവകുപ്പ് അറിയിക്കുന്നു. ഇവരിൽ മൂന്നുപേർക്കാണ് നിപ ലക്ഷണങ്ങൾ ഉള്ളത്.
പനിബാധിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന രണ്ടു പേർക്ക് നിപ ലക്ഷണങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ മരിച്ച യുവാവിന്റെ സ്രവപരിശോധന ഫലം പൂനെ വൈറോളജി ലാബിൽ നിന്നും ലഭിച്ചതോടെയാണ് നിപ സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിൽ 26 പേരായിരുന്നു യുവാവിന്റെ സമ്പർക്കപട്ടികൽ ഉണ്ടായിരുന്നത്. പിന്നീട് ആരോഗ്യവകുപ്പ് പുറത്തിറക്കിയ വിശദമായ പട്ടികയിൽ ഇത് 151 പേരായി ഉയരുകയായിരുന്നു.
ഈ പ്രദേശത്ത് പനി ബാധിച്ചിട്ടുള്ളവരെ കണ്ടെത്താനായി തിങ്കളാഴ്ച മുതൽ സർവ്വേ ആരംഭിക്കുമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസം സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞ 24 കാരനാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ 4 സ്വകാര്യ ആശുപത്രികളിലും വൈദ്യശാലകളിലും ഈ യുവാവ് ചികിത്സ തേടിയിരുന്നു. നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവാലി പഞ്ചായത്തിൽ മാസ്ക് നിർബന്ധമാക്കി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.
Discussion about this post