കോഴിക്കോട് : തിരുവോണനാളിൽ കോഴിക്കോട് പേരാമ്പ്രയിലെ ജനങ്ങൾ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും കഴിയാതെ ഭീതിയോടെ കഴിഞ്ഞത് ഏതാണ്ടൊരു പകൽ മുഴുവനുമാണ്. ഓണ ദിനത്തിൽ രാവിലെ കാടിറങ്ങി വന്ന മോഴയാനയാണ് പേരാമ്പ്രയിൽ ഭീതി വിതച്ചത്. പ്രഭാത സവാരിക്ക് ഇറങ്ങിയ നാട്ടുകാരാണ് രാവിലെ ആനയെ വഴിയരികിൽ കണ്ടെത്തിയത്.
പേരാമ്പ്ര, പള്ളിത്താഴം ഭാഗങ്ങളിൽ കണ്ടെത്തിയ ആന തുടക്കത്തിൽ ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. എന്നാൽ രാവിലെ 11 മണിയോടുകൂടി ആന ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ ജനങ്ങൾ ഭയന്നോടുകയും വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.
പ്രദേശത്തെ മണിക്കൂറുകളോളം ആശങ്കയിൽ ആഴ്ത്തിയശേഷം ഒടുവിൽ ആന കാട്ടിലേക്ക് കയറി പോവുകയായിരുന്നു. ആനയെ കാട്ടിൽ കയറ്റി വിടാനായി വനം വകുപ്പിന്റെ സംഘവും സ്ഥലത്തെത്തിയിരുന്നു.
പെരുവണ്ണാമുഴ വനമേഖലയുമായി അതിർത്തി പങ്കിടുന്ന കൂവപൊയിൽ ഭാഗത്ത് കൂടിയാണ് ആന കാട്ടിലേക്ക് കയറിയത്. പ്രദേശത്ത് കാര്യമായ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് വനം വകുപ്പ് അറിയിക്കുന്നത്.
Discussion about this post